Thursday, 30 August, 2018

നിന്റെ വീടിനെ കുറിച്ചും ആ കുന്നിനെ കുറിച്ചും ചില രഹസ്യങ്ങള്‍

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടിലെ
പകലില്‍ നിന്റെ വീട് നില്‍ക്കുന്നിടത്തു
മേഘങ്ങള്‍ വളര്‍ത്തുന്ന ഒരു കുന്നും നിറയെ കുറുക്കന്മാരും
 ഞാവല്‍മരങ്ങളുമുണ്ടായിരുന്നു
തൊണ്ണൂറിലെ ഒരു രാത്രിയില്‍
കുന്ന് പതിയെ പതിയെ തലകുനിച്ച്
ഭൂമിയോളം താഴ്ന്ന് കാണാതെ പോയി .

ഞാവല്‍ മരങ്ങളെ, ചേക്കേറിയ കിളികളും
കുറുക്കന്മാരെ വേട്ടക്കാരും സംരക്ഷിച്ചു
മലയില്‍ നിന്നും താഴോട്ട് നിന്നോടൊപ്പം
ഓടിയിറങ്ങിയിരുന്ന ഒരു ചോല
കെട്ടിയുയര്‍ത്തിയ വലിയൊരു മതിലിനപ്പുറത്ത്
അവസാനിച്ചു .
അറിയാമോ ,
നിന്‍റെ വീടിന് ഇടത്തും വലത്തുമായി
ആകാശത്തേക്ക് ഉയര്‍ന്നുയര്‍ന്നുകയറിയ കെട്ടിടങ്ങള്‍ക്കടിയില്‍
വെള്ളം കിട്ടാതെ മരിച്ചവരുടെ പ്രേതങ്ങളുണ്ട്
അവര്‍ നിന്നെ കാത്തിരിക്കുകയാണ് .
ഇനിയുള്ളതെല്ലാം അതീവ രഹസ്യമാണ് !!!

Thursday, 27 July, 2017

പ്രളയത്തില്‍ മരിച്ചവര്‍ വരള്‍ച്ചയില്‍ മരിച്ചവരെ കണ്ടുമുട്ടുമ്പോള്‍ !!!


മൂക്കിലൂടെ കുതിച്ചു പാഞ്ഞുപോയ
ഒരു മീനിന്റെ ചിതമ്പലിന്റെ
മൂര്‍ച്ചയെ കുറിച്ചാണ്
അയാള്‍ പറഞ്ഞത്

അയാളുടെ മൂക്കില്‍ നിന്ന് കുടലു വഴി
നീന്തലിന്റെ ഓര്‍മ്മകള്‍
കോറിക്കോറിയിട്ടാണ്
ആ മീന്‍ മരിച്ചുപോയത് പോലും

ഉണങ്ങിപ്പോയ കുടലുകളില്‍
അവസാനിച്ചു പോയ നാടവിരയുടെ
അവസാനത്തെ ഏമ്പക്കത്തെ
പുറത്തേക്ക് തള്ളാനെന്ന പോലെ
മറ്റേയാള്‍ വായ തുറന്നുപിടിച്ചിരുന്നു

കണ്ണുകള്‍, കണ്ടു മതിയാവാത്ത
കാഴ്ച്ചയെ തേടിത്തേടി
പുറത്തേക്ക് തുറന്ന് നിന്നിരുന്നു
കണ്ണുകളിലെ കടലുകള്‍ ഒരു പുഴയില്‍
വറ്റിപ്പോവുകയാണുണ്ടായത് പോലും

കടലിനെ കുറിച്ച് പറഞ്ഞപ്പോളാണ്
ഉപ്പുരസത്തെ കുറിച്ച് പറയാന്‍
കടലിനെക്കാള്‍ കൂടുതല്‍
ഉണക്കമീനിനാണ് കഴിയുകയെന്നു
മറ്റേയാള്‍ പറഞ്ഞത് .

പ്രളയത്തില്‍ മരിച്ചവര്‍
വരള്‍ച്ചയില്‍ മരിച്ചവരെ
കണ്ടുമുട്ടുമ്പോള്‍ !!!

Thursday, 18 May, 2017

അയാളുടെ ഉയര്‍ത്തിപ്പിടിച്ച , കാലവധി തീര്‍ന്ന രണ്ടു വിരലുകള്‍ എന്നോട് പറയുന്നത്


രണ്ടായിരത്തിപ്പതിനേഴിലിരുന്ന് 
രണ്ടായിരത്തിനു മുന്‍പുള്ള
ഒരു ചെറുപ്പകാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍
ഉയര്‍ന്ന പള്ളിക്ക് മുകളില്‍ അയാള്‍
ഉയര്‍ത്തിപ്പിടിച്ച രണ്ടു വിരലുകളുമായി
വെറുതെ നില്‍ക്കുന്നു .

മൂന്നാം ക്ലാസ്സിലെ നാലാമത്തെ വരിയില്‍
ഓരോ ഇളക്കത്തിനും ഒപ്പം കരയുന്ന
ബഞ്ചിലിരുന്നു ലോകാവസാനത്തെക്കുറിച്ച്
അടക്കം പറഞ്ഞ ലാസര്‍
പള്ളീലച്ഛനാകാന്‍ പോയിട്ട്
പിള്ളേരടച്ചനായി പേരെടുത്തു

ആ രാത്രി ഞാന്‍ ഉറങ്ങിയേയില്ല
അയാളുടെ ആ രണ്ടു വിരലുകള്‍ എന്നെ
ചൊറിഞ്ഞുകൊണ്ടേ ഇരുന്നു
'ഇറങ്ങിപ്പോ സാത്താനെ' എന്ന് വരെ
എന്നെക്കൊണ്ട് വിളിപ്പിച്ചിട്ടും
അയാള്‍ ദൈവമാകാന്‍ മടിച്ച് മടിച്ചു
''എല്ലാത്തിനെയും കൊല്ലുമെടാ
നീയൊക്കെ തീര്‍ന്നടാ തീര്‍ന്ന്
രണ്ടായിരമാകട്ടേടാ ''
എന്ന് പറയാതെ പറഞ്ഞു .

ഞാന്‍ പേടിച്ചു പേടിച്ച്
നനഞ്ഞു നനഞ്ഞ്
കിടക്കപ്പായൊരു ഉപ്പുകടലായി
'എന്‍യൂറിസസ് ' എന്നൊരു ഡോക്ടര്‍
കിടക്കേമുള്ളി സൌസറീ മുള്ളി
എന്നൊക്കെ അടക്കം പറച്ചിലുകാര്‍ .

ഡോക്ടറുടെ ചുമരേലും അയാള്‍
കയ്യുയര്‍ത്തി വിരലുയര്‍ത്തി
നീ തീര്‍ന്നെടാ തീര്‍ന്നെന്ന് .
എന്നിട്ട് മഞ്ഞയും വെള്ളയും കലര്‍ന്ന മതിലിനിടയിലൂടെ
'ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ടെന്ന് അയാള്‍
എന്നോട് കൂടണ്ട പേടിപ്പിക്കാതെ പോടെന്ന് ഞാനും.
എന്നെ മുള്ളിപ്പിക്കാനായിട്ടു ഓരോരോ

അങ്ങനെ അങ്ങനെ
ഒരു ആയിരത്തി തൊള്ളായിരത്തി
തൊണ്ണൂറ്റി ഒന്‍പത് നവമ്പറില്‍
അയാള്‍ കയറി നിന്നിരുന്ന പള്ളിയും
കാവല്കാരായി നിന്ന കുറെ മാലാഖമാരും
കുന്തം പിടിച്ചു നിന്ന ഒരു പുണ്യാളനും
പിന്നെ ഒരു വ്യാളീം കുതിരേം
വലിയ വലിയ ലോറികളില്‍ കയറിപ്പോയി

അയാളുടെ ഉയര്‍ത്തിയ വിരലുകളും നരച്ച രൂപവും
ഒടിഞ്ഞ ബഞ്ചുകളുടെ ബിനാലെ നടക്കുന്ന
മോട്ടോര്‍ പെരയിലേക്ക് നിരങ്ങി നെരങ്ങിപ്പോയി

മാലാഖമാര്‍ തൂവെള്ള മാര്‍ബിളിലേക്ക്
പരകായപ്രവേശം നടത്തി
പുതിയ കാവല്‍ക്കാര്‍ വന്നു
കുന്തം പിടിച്ചവര്‍ വന്നു
ഓട്ടുമണികള്‍ വന്നു
ലാസറിന്റെ മോന്‍ പഠിച്ചു പഠിച്ച്
പള്ളീലച്ചനായി
ഇതൊക്കെ കണ്ടു നരച്ച ഞാന്‍
ഒന്നരമാസം കഴിഞ്ഞ് ചാകാന്‍ പോകുമ്പോഴാ
ഇവന്റെ ഒക്കെ ഒരു പള്ളി എന്ന് രോഷം പൂണ്ടു
എന്റെ ജെട്ടിനനഞ്ഞു
ഞാന്‍ നനഞ്ഞു
ആ ഉയര്‍ത്തിയ വിരലുകള്‍ നനഞ്ഞു

കുടിച്ചു കുന്തംമറിഞ്ഞു എണീക്കുമ്പോള്‍
രണ്ടായിരം പകലിലല്ലേ ദൈവമേ
എന്നോര്‍ത്തു മുള്ളി മുള്ളി ധൈര്യം വച്ച
ഞാന്‍ എന്ന പേടിച്ചിത്തൂറി
ആ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു
രാത്രിയില്‍ നഷ്ട്ടപ്പെടുപോയ
ഒടുക്കത്തെ എക്സൈറ്റ്മെന്റിനെ ഓര്‍ത്തെടുക്കുകയാണ്

എന്നാലും ഇപ്പോഴയാളുടെ
പൊക്കിപ്പിടിച്ച കാലാവധികഴിഞ്ഞ
ആ രണ്ടു വിരലുകള്‍
എന്ത് ചെയ്യുകയാകും
കുട്ടികളെ പേടിപ്പിക്കാന്‍ കഴിയാതെ
വീര്‍പ്പു മുട്ടുന്നുണ്ടാകുമോ ?
#ലോകാവസാനം #2000 #പേടി

Thursday, 11 May, 2017

കടങ്കഥ.


ഭൂമിയുടെ ഓരോ വഴികളിലേക്ക്
ഇറങ്ങിപ്പോയ കുട്ടികളില്‍
ഒരുവന്‍ മാത്രം ആ കുന്നിന്‍ മുകളിലുണ്ട്
മൂന്നുപേരില്‍ ഒരുവള്‍ മരിച്ചു
മറ്റുരണ്ടുപേര്‍ മരിച്ചവളെ തിരയുന്നു
ബാക്കി അഞ്ചുപേരില്‍ ഒരാള്‍
മരിച്ചവളുടെ കാമുകനായിരുന്നു
തിരയാന്‍ പോയ ഒരുവളും
ഈ കഥ മുഴുവന്‍ പറയാന്‍ തുടങ്ങിയവനും
ആരുമറിയാതെ പ്രണയിച്ചിരുന്നു
രണ്ടുപേരെകുറിച്ച്
ദുരൂഹമായ ഒരു കഥയുണ്ട്
ആ കഥ മൂന്നാമത്തെ അവള്‍ പറയും
ദൂരം.... ചിലപ്പോഴൊക്കെ
ഒരു തോന്നല്‍ മാത്രമാണത്രേ !!!

Wednesday, 22 March, 2017

#We_The_People_Of_India

അതെ സാര്‍,
മരണത്തില്‍
ഞങ്ങള്‍ ഉറുമ്പുകളെപ്പോലെയും
കൊതുകുകളെപ്പോലെയുമാണ്
ചവിട്ടി അരച്ചും ,
കൈകള്‍ കൂട്ടി അടിച്ചും
കൊല്ലാന്‍ എളുപ്പമാണ്
എത്രയെണ്ണത്തിനെ കൊന്നു
എന്നൊന്നും ആരും അന്ന്വേഷിക്കുകയില്ല
അവക്കും ജീവനുണ്ട് എന്നതു
നമ്മുടെ വിദൂരമായ ആലോചനയില്‍ പോലും വരില്ല 


ആ കൊന്നു ... ചത്തു ...ആത്മഹത്യയായി
അത്ര തന്നെ !!!

ആരും ചോദിക്കില്ല
ആരും മിണ്ടില്ല
രാജ്യത്തിനു മുറിവേല്‍ക്കില്ല
കണ്ണുകള്‍ തുറക്കില്ല
മുദ്രാവാക്യങ്ങള്‍ ഉയരില്ല
മുഷ്ടികള്‍ ചുരുളില്ല

ഉറുമ്പുകള്‍ക്ക് 'നമ്മുടെ' ജനാധിപത്യത്തില്‍
ഒരു സ്ഥാനവും ഇല്ല .
കൊതുകുകള്‍
സമത്വത്തിന്റെ സംഗീതം മൂളിയിട്ടേ ഇല്ല .
#We_The_People_Of_India

Wednesday, 27 May, 2015

ട്ടുണ്ടോ ?

നീ യാത്ര പോയിട്ടുണ്ടോ ?
മരം കുളിക്കുന്നത് കണ്ടിട്ടുണ്ടോ ?
വെയില്‍ പിണങ്ങിയതും ,
തുമ്പികളെ കണ്ടു കാട്ടുപോത്തുകള്‍ ഒളിച്ചോടിയതും
ആകാശത്തുനിന്നു പാരച്ചൂട്ടുകളില്‍ ഇരുട്ട് ഇറങ്ങിവന്നതും കണ്ടിട്ടുണ്ടോ ?
യക്ഷിയുടെ നീല കളറുള്ള ജെട്ടിയില്‍
പൂവുകള്‍ വരച്ചു വച്ചത് കണ്ടിട്ടുണ്ടോ ?
ഇലല്ലേ ?
ഇല്ലല്ലേ ?
പിന്നെന്തു യാത്രയാ നീ പോയത് ?
.
.
.
.
.
കാട്ടിലെ വെറുതെ നിക്കണ 'പന' കാണാനോ ?

Saturday, 15 November, 2014

അരുതായ്മ


ഇനി വസന്തങ്ങള്‍ തിരികെ
വരാതിരിക്കുന്നതാണ് നല്ലത് .
പൂക്കള്‍ വിരിയാതിരിക്കുകയും
പൂമ്പാറ്റകള്‍ പരാഗണം നടത്താതെ മരിച്ചു പോകുകയും
മരുഭൂമികളുടെ, മരണം മണക്കുന്ന ചൂടുള്ള കവിതകള്‍
ചിറകുകളില്‍ നിറച്ച നരച്ച കാറ്റുകള്‍ ,
'നൊമാഡുകളെ' പോലെ അലഞ്ഞു തിരിയുകയും വേണം .
പുഴകള്‍, മലകള്‍, കാടുകള്‍,
കിളികളുടെ പാട്ടുകള്‍ ,ആനകളുടെ അലര്‍ച്ചകള്‍
എല്ലാം ഒരസ്തമയ സൂര്യനൊപ്പം മലയാടിവാരത്തിലേക്കോ
കടലിലെക്കോ എന്നെന്നേക്കുമായി മുങ്ങിപ്പോകണം
വസന്തം ചെറിമരങ്ങളോട് ചെയ്തത്
ആരും ആരോടും ഇനി ചെയ്യരുത്
ഗ്രീഷ്മമേ, വസന്തത്തെ
ഇനിമേല്‍ നീ സ്വപനം കാണരുത്