Wednesday 22 March 2017

#We_The_People_Of_India

അതെ സാര്‍,
മരണത്തില്‍
ഞങ്ങള്‍ ഉറുമ്പുകളെപ്പോലെയും
കൊതുകുകളെപ്പോലെയുമാണ്
ചവിട്ടി അരച്ചും ,
കൈകള്‍ കൂട്ടി അടിച്ചും
കൊല്ലാന്‍ എളുപ്പമാണ്
എത്രയെണ്ണത്തിനെ കൊന്നു
എന്നൊന്നും ആരും അന്ന്വേഷിക്കുകയില്ല
അവക്കും ജീവനുണ്ട് എന്നതു
നമ്മുടെ വിദൂരമായ ആലോചനയില്‍ പോലും വരില്ല 


ആ കൊന്നു ... ചത്തു ...ആത്മഹത്യയായി
അത്ര തന്നെ !!!

ആരും ചോദിക്കില്ല
ആരും മിണ്ടില്ല
രാജ്യത്തിനു മുറിവേല്‍ക്കില്ല
കണ്ണുകള്‍ തുറക്കില്ല
മുദ്രാവാക്യങ്ങള്‍ ഉയരില്ല
മുഷ്ടികള്‍ ചുരുളില്ല

ഉറുമ്പുകള്‍ക്ക് 'നമ്മുടെ' ജനാധിപത്യത്തില്‍
ഒരു സ്ഥാനവും ഇല്ല .
കൊതുകുകള്‍
സമത്വത്തിന്റെ സംഗീതം മൂളിയിട്ടേ ഇല്ല .
#We_The_People_Of_India

Wednesday 27 May 2015

ട്ടുണ്ടോ ?

നീ യാത്ര പോയിട്ടുണ്ടോ ?
മരം കുളിക്കുന്നത് കണ്ടിട്ടുണ്ടോ ?
വെയില്‍ പിണങ്ങിയതും ,
തുമ്പികളെ കണ്ടു കാട്ടുപോത്തുകള്‍ ഒളിച്ചോടിയതും
ആകാശത്തുനിന്നു പാരച്ചൂട്ടുകളില്‍ ഇരുട്ട് ഇറങ്ങിവന്നതും കണ്ടിട്ടുണ്ടോ ?
യക്ഷിയുടെ നീല കളറുള്ള ജെട്ടിയില്‍
പൂവുകള്‍ വരച്ചു വച്ചത് കണ്ടിട്ടുണ്ടോ ?
ഇലല്ലേ ?
ഇല്ലല്ലേ ?
പിന്നെന്തു യാത്രയാ നീ പോയത് ?
.
.
.
.
.
കാട്ടിലെ വെറുതെ നിക്കണ 'പന' കാണാനോ ?

Saturday 15 November 2014

അരുതായ്മ


ഇനി വസന്തങ്ങള്‍ തിരികെ
വരാതിരിക്കുന്നതാണ് നല്ലത് .
പൂക്കള്‍ വിരിയാതിരിക്കുകയും
പൂമ്പാറ്റകള്‍ പരാഗണം നടത്താതെ മരിച്ചു പോകുകയും
മരുഭൂമികളുടെ, മരണം മണക്കുന്ന ചൂടുള്ള കവിതകള്‍
ചിറകുകളില്‍ നിറച്ച നരച്ച കാറ്റുകള്‍ ,
'നൊമാഡുകളെ' പോലെ അലഞ്ഞു തിരിയുകയും വേണം .
പുഴകള്‍, മലകള്‍, കാടുകള്‍,
കിളികളുടെ പാട്ടുകള്‍ ,ആനകളുടെ അലര്‍ച്ചകള്‍
എല്ലാം ഒരസ്തമയ സൂര്യനൊപ്പം മലയാടിവാരത്തിലേക്കോ
കടലിലെക്കോ എന്നെന്നേക്കുമായി മുങ്ങിപ്പോകണം
വസന്തം ചെറിമരങ്ങളോട് ചെയ്തത്
ആരും ആരോടും ഇനി ചെയ്യരുത്
ഗ്രീഷ്മമേ, വസന്തത്തെ
ഇനിമേല്‍ നീ സ്വപനം കാണരുത്

Wednesday 24 September 2014

My name Is " പ്രജില്‍ അമന്‍ " I am Not ഹിന്ദു | മുസ്ലീം | ക്രിസ്ത്യന്‍ | സിഖ് ... Etc .But I May Be a ' Terrorist '


 

ഗാനം എഴുതിയത് അവരായിരുന്നു
ഈണം നല്‍കിയതും, ആദ്യം പാടിയതും
അവര്‍ .
പാടാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ പാടിയത്
അവരുടെ കയ്യിലെ,
മൂച്ചയുള്ള കത്തികളും , വെടിയുണ്ടകള്‍ നിറച്ചുവെച്ച
തോക്കുകളും കണ്ടായിരുന്നു.
ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ലാത്ത
അതിര്‍ത്തികള്‍ വരച്ചതും ,
കൊടികള്‍ക്ക് നിറം കൊടുത്ത്
വീര പുരുഷന്മാരുടെയും ധീര വനിതകളുടെയും
ചോരയിലും ശുക്ലത്തിലും മുക്കിയ കഥകള്‍
പറഞ്ഞ് പഠിപ്പിച്ചതും
അവര്‍ തന്നെ .


അവര്‍
ഒരു വട്ടം വരക്കുന്നതും
വരക്കപ്പെടുന്നതും
വട്ടത്തിനകത്ത്
കാലുകളും കയ്യുകളും ചരടുകളില്‍
ബന്ധിക്കപ്പെട്ടിരിക്കുന്നതും
ചിലന്തി വലകളിലൂടെയുള്ള വേച്ചുവേച്ചുള്ള
നടത്തങ്ങളെ പ്പോലും
അവരുടെതന്നെ പോലീസുകാരാല്‍*
നിരീക്ഷിക്കപ്പെടുന്നതും
അറിയാതെയല്ല .

'ജനാധിപത്യത്തിലെ ഫാസിസ്റ്റ് മുറി' മാത്രമേ
അന്നവിടെ തുറന്നുകിടക്കുന്നുണ്ടായിരുന്നുള്ളൂ .
ആദിവാസികള്‍ക്കും
 സ്വാതന്ത്ര്യ വാദികള്‍ക്കും
സ്നേഹത്തെ കുറിച്ച് കവിതകളെഴുതുന്നവര്‍ക്കും
കാടിനെ കുറിച്ചോ , മലകളെ കുറിച്ചോ , പുഴകളെ കുറിച്ചോ
അറിയാതെ പോലും പറഞ്ഞു പോകുന്നവര്‍ക്കും ,
ചോരവീണ തെരുവുകളെ
ഓര്‍മ്മകളില്‍ കൊണ്ടുനടക്കുന്നവര്‍ക്കും
അവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല

'ഞാന്‍' എന്ന ജനം ഭരണാധികാരി എന്ന അവസാന വാക്കില്‍
ഭയപ്പെട്ടും , പടവെട്ടിയും ,സന്ധിചെയ്തും
മരിച്ചു പോയിരുന്നു '
അവിടെ അവരുടെ ഗാനം
ഉറക്കെ ഉറക്കെ പാടുന്നവര്‍
ഉച്ചത്തില്‍ പാടിക്കൊണ്ടേ ഇരുന്നു
യുദ്ധങ്ങളുടെ മനോഹരമായ ആ ഗാനം.

Tuesday 26 August 2014

അടയാളങ്ങള്‍ , സ്വാതന്ത്ര്യത്തിന്റെ !!!

ജനിച്ച രാജ്യം, ജനിച്ച ജാതി, ജനിച്ച മതം
പണം, മണം, നിറം, ലിംഗം , കൊടികള്‍
ഒഹഹഹ് ....!!!
''സല്‍മാനെ നീ ജയിലില്‍ തന്നെ കിടന്നോ ? ''
ഈ കഴിഞ്ഞ ' 5 * ' ദിവസത്തിലും ,
നമുക്കു ചുറ്റിലുമുള്ള ' അതിര്‍ത്തികളില്‍ '
'അവരുടെ ' (ഹിംസയുടെ )ഗാനം മാത്രമേ പാടിയിട്ടുള്ളൂ !!!

'' എന്നേയും നിന്നെയും
അടയാളപ്പെടുത്താത്ത ഭൂപടങ്ങളെപ്പോലെ ,
സ്വാതന്ത്ര്യവും
ഒരു നുണ ''5 * ~ ദിവസങ്ങള്‍  പകലിനും രാത്രിക്കും ഒപ്പം നീളുന്നു .

Wednesday 2 July 2014

ഒരു ' ആഴ്ചപ്പതിപ്പ് ' അഥവാ ' സരമാഗോവിന്റെ ' ഭൂതം ഭാവി വര്‍ത്തമാനം.


  
" അലമാരകളെ 'കനപ്പെട്ട 'ചിന്തകള്‍
കീഴടക്കുമ്പോള്‍
അടിത്തട്ടില്‍ നിന്ന് ആകാശമാര്‍ഗ്ഗം
കോണ്‍ക്രീറ്റ് കാടുകളിലേക്ക്
പറക്കുന്നവയാണ്
സരമാഗോകള്‍ *

മോക്ഷം കാത്തു കിടക്കുന്ന ജീവിതങ്ങള്‍
പൊടിയിലും മാറാലയിലും രാജ്യം തീര്‍ക്കുന്നുണ്ട് .
ഒരു പാറ്റയുടെ തീറ്റയോ ,
പല്ലികളുടെ കക്കൂസോ ആയി
കോണ്‍ക്രീറ്റ് കാടുകളുടെ ചതുപ്പില്‍
അവ , പുതഞ്ഞു കിടപ്പുണ്ട്.

കവിതകള്‍ തുമ്മുന്നതും ,
കഥകള്‍ മൂക്കള വലിച്ചു കയറ്റുന്നതും ,
കനപ്പെട്ട ലേഖനങ്ങളുടെ നീട്ടി നീട്ടിയുള്ള
ആസ്ത്മാ വലിവും
കണ്ണും കാതും കൂര്‍പ്പിച്ചാല്‍
റെയില്‍ പാളത്തിന്റെ ചിരിപോലെ
കേള്‍ക്കാം . "

പെട്ടിക്കടകളില്‍ തൂങ്ങിയാടി നില്‍ക്കുമ്പോള്‍ കടുപ്പമുള്ള 'മൂന്നു ചായയുടെ 'ആശ്വാസത്തെ തല്‍ക്കാലത്തേക്ക് മറന്ന് പോകുന്നതും ,
സ്വന്തത്തെ കുറിച്ചുള്ള ദാര്‍ശനിക സ്വപ്നങ്ങള്‍ പണയം വച്ച് സ്വന്തമാക്കുന്നതും 


സരമാഗോയോടുള്ള
പ്രണയം മൂക്കുന്നതുകൊണ്ടാണ് .

ചിലപ്പോളൊക്കെ ( ഒട്ടു മിക്കപ്പോഴും)തുറന്നു പോലും നോക്കാന്‍ തോന്നാതെ , (ശ്രമിക്കാതെ )അവളുടെ ഓര്‍മ്മ പരത്തി കടല്‍ത്തിരമാലകളെ ഓര്‍മ്മിപ്പിക്കുന്ന കിടക്കയിലോ .
കക്കൂസിനെ പുറം ലോകത്തേക്ക് ബന്ധിപ്പിക്കുന്ന കൂരാംപൊത്തിലോ ,* അതുമല്ലെങ്കില്‍ , തോളില്‍ തൂങ്ങി ആടി മടുക്കാനും ദര്‍ശനങ്ങളെ ലോകം കാണാതെ ഒളിച്ചു വെക്കാനും വിധിക്കപ്പെട്ട തോള്‍ സഞ്ചിയിലോ ഒക്കെ ജീവിച്ചു മടുത്താണ് ഓരോ സരമാഗോയും കോണ്‍ക്രീറ്റ് കാടുകളിലേക്ക് പറക്കുന്നത് .

ശുഭം .

* സരമാഗോ ~ പോര്‍ച്ചുഗീസ് എഴുത്തുകാരനില്‍ നിന്ന് ആഴ്ചപ്പതിപ്പുകള്‍ക്ക് കിട്ടിയ ഒരു കാമ്പസ് പേര്
  *കൂരാം പൊത്ത് - പഴയ വീടുകളില്‍ ചുമരില്‍ കാണുന്ന വൃത്താകൃതിയുള്ള ദ്വാരം

Saturday 1 February 2014

ശോശാമ്മയുടെ ജീവിത ‘വര്‍ഷ’ങ്ങള്‍


 പൂമരത്തിന്റെ വേരുകളിലാണ്
ശോശാമ്മയുമൊത്തുള്ള
ഒളിഞ്ഞും തെളിഞ്ഞുമുള്ള ജീവിതങ്ങളെ
കുഴിച്ചിട്ടിരുന്നത്
അന്നതൊരു കാറ്റ് പിടിച്ചാല്‍ വളയുന്ന ,
പൂവോ , കായോ , ജനിക്കുന്നതിനെ കുറിച്ച്
സ്വപ്നം പോലും കണ്ടിട്ടില്ലായിരുന്ന കാലമായിരുന്നു
സോവിയറ്റ് യൂണിയന്റെ ചുവന്ന കാറ്റും !
‘ ഇടിമുഴക്കങ്ങളും ‘ കൊണ്ട്
വസന്തം വരുമെന്ന് തറപ്പിച്ചു പറഞ്ഞിരുന്ന കാലം

വഴിവക്കിലെ തൊട്ടാവാടി ച്ചെടികള്‍
തലോടലില്‍ ഇലകള്‍ കൊണ്ട് പരസ്പരം ഭോഗിച്ചിരുന്ന
കിരുകിരുപ്പ്‌ നോക്കിയിരുന്നു, നോക്കിയിരുന്ന്
വേരുകളില്‍ നിന്ന്, പത്തായപ്പുരയുടെ ഇരുട്ടിനെ തിന്നുന്ന
ജനലില്ലാത്ത മുറിയിലേക്ക്
പ്രണയം കയറിവന്നു കിതച്ചു .
ഒളിവിലെ ഓര്‍മ്മകള്‍ വായിച്ചു തളര്‍ന്ന്
പുലര്‍ക്കാലങ്ങളില്‍ ,നട്ടുച്ചകളില്‍ ... വിപ്ലവം ,
വെളുത്തു കൊഴുത്ത് , കാലുകള്‍ കൂട്ടിമുട്ടുന്ന കവിതകള്‍
ഉച്ചത്തില്‍ ഉച്ചത്തില്‍ പാടി .
വയലറ്റ് മേഘങ്ങളേ പ്പോലെ ഉണ്ടയുണ്ടയായ പൂവുകളെ
കാറ്റുകള്‍ മുള്ളുകളില്‍ പ്രസവിച്ചു .

മുപ്പതിലെത്തിയ മരത്തിന്
നിറയെ ചുവന്ന പൂവുളുണ്ടായിരുന്നു
നീണ്ട ലിംഗങ്ങള്‍ പോലെ തൂങ്ങിയാടി നില്‍ക്കുന്ന
വിത്തുകളും /കായകളും ഉണ്ടായി .
ശോശാമ്മക്ക് പൂമരത്തിന്റെ വേരുകളില്‍ നിന്ന് മോചനവും .
മോചന ദ്രവ്യം കൊടുത്ത നസ്രാണിയുടെ
ആയിരത്തൊന്നു രാവുകളില്‍ ശോശാമ്മ
‘അറബിയുദ്ധങ്ങളുടെ കഥകള്‍’ മാത്രം കേട്ട് തളര്‍ന്നുറങ്ങി
അടക്കം പറഞ്ഞ ജീവിതങ്ങള്‍ ,
ഉറുമ്പുകള്‍ പുറ്റുകളിലെ മഴകാത്തു കിടക്കുന്ന മിണ്ടാ ’പ്രാണി’ കളുടെ
ചിറകിലേക്ക് തുപ്പലും കൊഴുപ്പും ചേര്‍ത്തു ഒട്ടിച്ചുവച്ചു .

ലോകം ഒരു കുടക്കീഴില്‍
നനഞ്ഞ് ചോര്‍ന്നൊലിച്ച് നിന്നുതുടങ്ങിയപ്പോള്‍
ശോശാമ്മയുടെ വിയര്‍പ്പിന്
ബ്ലൂ ലേഡിയുടെയും ,മുഖത്തിനു ഫെയര്‍ ആന്‍ഡ്‌ ലവ് ലിയുടെയും ,
അടിവസ്ത്ത്രങ്ങള്‍ക്ക് ‘വിക്ടോറിയാസ് സീക്രെട്ടിന്റെയും
വേലിയേറ്റങ്ങളുണ്ടായി
അന്നവളുടെ ‘നസ്രാണി’ കപ്പല്‍ കൊള്ളക്കാരാല്‍ വധിക്കപ്പെട്ടതിന്റെ
ഓര്‍മ്മദിവസമായിരുന്നു.
ശോശാമ്മയുടെ വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്നു
കളിമണ്ണ്‍ പോലായ പൌരുഷം
‘കേമല്‍’ പശയുടെ പശപശപ്പില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍ !!!
പൂമരത്തെയും ,തൊട്ടാവാടിച്ചെടിയിലെ വയലറ്റ് മേഘങ്ങളെയും,
ഉറുമ്പുകളെയും., കുറിച്ച് ശോശാമ്മക്കല്ല , എനിക്ക് തന്നെ
നേരിയ ഒരോര്‍മ്മയെ ഉണ്ടായിരുന്നുള്ളൂ !!.

രാജ്യത്തിന്റെ അറുപതാം
ജന്മദിനം കഴിഞ്ഞ ആ അര്‍ദ്ധരാത്രിയില്‍
ചുവന്ന കൊടിപുതച്ച്
ഞാന്‍ മരിച്ചു കിടന്ന രാത്രിയില്‍
എന്റെ വീടിന്റെ വേലിക്കല്‍ വരെ വേച്ച്, വേച്ച് വന്ന
ശോശാമ്മയുടെ പ്രേതത്തെ
നാലുവരിപ്പാത കവര്‍ന്നെടുത്ത പൂമരത്തിന്റെ ചില്ലകളില്‍ വെച്ച്
ദഹിപ്പിച്ചു .

ഇന്ന്
പൂമരത്തിന്റെ വെട്ടാതെ വെച്ച വേരുകളില്‍ ഇരുന്നു
ശോശാമ്മയുടെ പ്രേതം എന്റെ പ്രേതത്തെ
‘ഒളിഞ്ഞും തെളിഞ്ഞുമുള്ള ,ഒളിവുജീവിതത്തെ’ കുറിച്ച് പറഞ്ഞു
പ്രലോഭിപ്പിക്കുന്നു
ഇരുട്ടിനോ വെളിച്ചത്തിനോ
പകലിനോ, രാത്രിക്കോ, അവളുടെ നസ്സ്രാണിക്കോ
നിനക്കോ, നിങ്ങള്‍ക്കോ മരത്തിനടിയില്‍ കുഴിച്ചിട്ട ഒളിവുജീവിതത്തെ
കാണാന്‍ കഴിയില്ലല്ലോ !!!

ഇനി
ഇരുട്ടിനോ വെളിച്ചത്തിനോ
പകലിനോ, രാത്രിക്കോ, അവളുടെ നസ്സ്രാണിക്കോ
നിനക്കോ, നിങ്ങള്‍ക്കോ മരത്തിനടിയില്‍ കുഴിച്ചിട്ട
ഞങ്ങളുടെ ഒളിവുജീവിതത്തെ കാണാന്‍ കഴിയുമോ ?.