Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, 11 May 2017

കടങ്കഥ.














ഭൂമിയുടെ ഓരോ വഴികളിലേക്ക്
ഇറങ്ങിപ്പോയ കുട്ടികളില്‍
ഒരുവന്‍ മാത്രം ആ കുന്നിന്‍ മുകളിലുണ്ട്
മൂന്നുപേരില്‍ ഒരുവള്‍ മരിച്ചു
മറ്റുരണ്ടുപേര്‍ മരിച്ചവളെ തിരയുന്നു
ബാക്കി അഞ്ചുപേരില്‍ ഒരാള്‍
മരിച്ചവളുടെ കാമുകനായിരുന്നു
തിരയാന്‍ പോയ ഒരുവളും
ഈ കഥ മുഴുവന്‍ പറയാന്‍ തുടങ്ങിയവനും
ആരുമറിയാതെ പ്രണയിച്ചിരുന്നു
രണ്ടുപേരെകുറിച്ച്
ദുരൂഹമായ ഒരു കഥയുണ്ട്
ആ കഥ മൂന്നാമത്തെ അവള്‍ പറയും
ദൂരം.... ചിലപ്പോഴൊക്കെ
ഒരു തോന്നല്‍ മാത്രമാണത്രേ !!!

Wednesday, 27 May 2015

ട്ടുണ്ടോ ?

നീ യാത്ര പോയിട്ടുണ്ടോ ?
മരം കുളിക്കുന്നത് കണ്ടിട്ടുണ്ടോ ?
വെയില്‍ പിണങ്ങിയതും ,
തുമ്പികളെ കണ്ടു കാട്ടുപോത്തുകള്‍ ഒളിച്ചോടിയതും
ആകാശത്തുനിന്നു പാരച്ചൂട്ടുകളില്‍ ഇരുട്ട് ഇറങ്ങിവന്നതും കണ്ടിട്ടുണ്ടോ ?
യക്ഷിയുടെ നീല കളറുള്ള ജെട്ടിയില്‍
പൂവുകള്‍ വരച്ചു വച്ചത് കണ്ടിട്ടുണ്ടോ ?
ഇലല്ലേ ?
ഇല്ലല്ലേ ?
പിന്നെന്തു യാത്രയാ നീ പോയത് ?
.
.
.
.
.
കാട്ടിലെ വെറുതെ നിക്കണ 'പന' കാണാനോ ?

Saturday, 15 November 2014

അരുതായ്മ














ഇനി വസന്തങ്ങള്‍ തിരികെ
വരാതിരിക്കുന്നതാണ് നല്ലത് .
പൂക്കള്‍ വിരിയാതിരിക്കുകയും
പൂമ്പാറ്റകള്‍ പരാഗണം നടത്താതെ മരിച്ചു പോകുകയും
മരുഭൂമികളുടെ, മരണം മണക്കുന്ന ചൂടുള്ള കവിതകള്‍
ചിറകുകളില്‍ നിറച്ച നരച്ച കാറ്റുകള്‍ ,
'നൊമാഡുകളെ' പോലെ അലഞ്ഞു തിരിയുകയും വേണം .
പുഴകള്‍, മലകള്‍, കാടുകള്‍,
കിളികളുടെ പാട്ടുകള്‍ ,ആനകളുടെ അലര്‍ച്ചകള്‍
എല്ലാം ഒരസ്തമയ സൂര്യനൊപ്പം മലയാടിവാരത്തിലേക്കോ
കടലിലെക്കോ എന്നെന്നേക്കുമായി മുങ്ങിപ്പോകണം
വസന്തം ചെറിമരങ്ങളോട് ചെയ്തത്
ആരും ആരോടും ഇനി ചെയ്യരുത്
ഗ്രീഷ്മമേ, വസന്തത്തെ
ഇനിമേല്‍ നീ സ്വപനം കാണരുത്

Wednesday, 24 September 2014

My name Is " പ്രജില്‍ അമന്‍ " I am Not ഹിന്ദു | മുസ്ലീം | ക്രിസ്ത്യന്‍ | സിഖ് ... Etc .But I May Be a ' Terrorist '


 

















ഗാനം എഴുതിയത് അവരായിരുന്നു
ഈണം നല്‍കിയതും, ആദ്യം പാടിയതും
അവര്‍ .
പാടാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ പാടിയത്
അവരുടെ കയ്യിലെ,
മൂച്ചയുള്ള കത്തികളും , വെടിയുണ്ടകള്‍ നിറച്ചുവെച്ച
തോക്കുകളും കണ്ടായിരുന്നു.
ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ലാത്ത
അതിര്‍ത്തികള്‍ വരച്ചതും ,
കൊടികള്‍ക്ക് നിറം കൊടുത്ത്
വീര പുരുഷന്മാരുടെയും ധീര വനിതകളുടെയും
ചോരയിലും ശുക്ലത്തിലും മുക്കിയ കഥകള്‍
പറഞ്ഞ് പഠിപ്പിച്ചതും
അവര്‍ തന്നെ .


അവര്‍
ഒരു വട്ടം വരക്കുന്നതും
വരക്കപ്പെടുന്നതും
വട്ടത്തിനകത്ത്
കാലുകളും കയ്യുകളും ചരടുകളില്‍
ബന്ധിക്കപ്പെട്ടിരിക്കുന്നതും
ചിലന്തി വലകളിലൂടെയുള്ള വേച്ചുവേച്ചുള്ള
നടത്തങ്ങളെ പ്പോലും
അവരുടെതന്നെ പോലീസുകാരാല്‍*
നിരീക്ഷിക്കപ്പെടുന്നതും
അറിയാതെയല്ല .

'ജനാധിപത്യത്തിലെ ഫാസിസ്റ്റ് മുറി' മാത്രമേ
അന്നവിടെ തുറന്നുകിടക്കുന്നുണ്ടായിരുന്നുള്ളൂ .
ആദിവാസികള്‍ക്കും
 സ്വാതന്ത്ര്യ വാദികള്‍ക്കും
സ്നേഹത്തെ കുറിച്ച് കവിതകളെഴുതുന്നവര്‍ക്കും
കാടിനെ കുറിച്ചോ , മലകളെ കുറിച്ചോ , പുഴകളെ കുറിച്ചോ
അറിയാതെ പോലും പറഞ്ഞു പോകുന്നവര്‍ക്കും ,
ചോരവീണ തെരുവുകളെ
ഓര്‍മ്മകളില്‍ കൊണ്ടുനടക്കുന്നവര്‍ക്കും
അവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല

'ഞാന്‍' എന്ന ജനം ഭരണാധികാരി എന്ന അവസാന വാക്കില്‍
ഭയപ്പെട്ടും , പടവെട്ടിയും ,സന്ധിചെയ്തും
മരിച്ചു പോയിരുന്നു '
അവിടെ അവരുടെ ഗാനം
ഉറക്കെ ഉറക്കെ പാടുന്നവര്‍
ഉച്ചത്തില്‍ പാടിക്കൊണ്ടേ ഇരുന്നു
യുദ്ധങ്ങളുടെ മനോഹരമായ ആ ഗാനം.

Tuesday, 26 August 2014

അടയാളങ്ങള്‍ , സ്വാതന്ത്ര്യത്തിന്റെ !!!













 








'' എന്നേയും നിന്നെയും
അടയാളപ്പെടുത്താത്ത ഭൂപടങ്ങളെപ്പോലെ ,
സ്വാതന്ത്ര്യവും
ഒരു നുണ ''




Wednesday, 2 July 2014

ഒരു ' ആഴ്ചപ്പതിപ്പ് ' അഥവാ ' സരമാഗോവിന്റെ ' ഭൂതം ഭാവി വര്‍ത്തമാനം.














  
" അലമാരകളെ 'കനപ്പെട്ട 'ചിന്തകള്‍
കീഴടക്കുമ്പോള്‍
അടിത്തട്ടില്‍ നിന്ന് ആകാശമാര്‍ഗ്ഗം
കോണ്‍ക്രീറ്റ് കാടുകളിലേക്ക്
പറക്കുന്നവയാണ്
സരമാഗോകള്‍ *

മോക്ഷം കാത്തു കിടക്കുന്ന ജീവിതങ്ങള്‍
പൊടിയിലും മാറാലയിലും രാജ്യം തീര്‍ക്കുന്നുണ്ട് .
ഒരു പാറ്റയുടെ തീറ്റയോ ,
പല്ലികളുടെ കക്കൂസോ ആയി
കോണ്‍ക്രീറ്റ് കാടുകളുടെ ചതുപ്പില്‍
അവ , പുതഞ്ഞു കിടപ്പുണ്ട്.

കവിതകള്‍ തുമ്മുന്നതും ,
കഥകള്‍ മൂക്കള വലിച്ചു കയറ്റുന്നതും ,
കനപ്പെട്ട ലേഖനങ്ങളുടെ നീട്ടി നീട്ടിയുള്ള
ആസ്ത്മാ വലിവും
കണ്ണും കാതും കൂര്‍പ്പിച്ചാല്‍
റെയില്‍ പാളത്തിന്റെ ചിരിപോലെ
കേള്‍ക്കാം . "

പെട്ടിക്കടകളില്‍ തൂങ്ങിയാടി നില്‍ക്കുമ്പോള്‍ കടുപ്പമുള്ള 'മൂന്നു ചായയുടെ 'ആശ്വാസത്തെ തല്‍ക്കാലത്തേക്ക് മറന്ന് പോകുന്നതും ,
സ്വന്തത്തെ കുറിച്ചുള്ള ദാര്‍ശനിക സ്വപ്നങ്ങള്‍ പണയം വച്ച് സ്വന്തമാക്കുന്നതും 


സരമാഗോയോടുള്ള
പ്രണയം മൂക്കുന്നതുകൊണ്ടാണ് .

ചിലപ്പോളൊക്കെ ( ഒട്ടു മിക്കപ്പോഴും)തുറന്നു പോലും നോക്കാന്‍ തോന്നാതെ , (ശ്രമിക്കാതെ )അവളുടെ ഓര്‍മ്മ പരത്തി കടല്‍ത്തിരമാലകളെ ഓര്‍മ്മിപ്പിക്കുന്ന കിടക്കയിലോ .
കക്കൂസിനെ പുറം ലോകത്തേക്ക് ബന്ധിപ്പിക്കുന്ന കൂരാംപൊത്തിലോ ,* അതുമല്ലെങ്കില്‍ , തോളില്‍ തൂങ്ങി ആടി മടുക്കാനും ദര്‍ശനങ്ങളെ ലോകം കാണാതെ ഒളിച്ചു വെക്കാനും വിധിക്കപ്പെട്ട തോള്‍ സഞ്ചിയിലോ ഒക്കെ ജീവിച്ചു മടുത്താണ് ഓരോ സരമാഗോയും കോണ്‍ക്രീറ്റ് കാടുകളിലേക്ക് പറക്കുന്നത് .

ശുഭം .

* സരമാഗോ ~ പോര്‍ച്ചുഗീസ് എഴുത്തുകാരനില്‍ നിന്ന് ആഴ്ചപ്പതിപ്പുകള്‍ക്ക് കിട്ടിയ ഒരു കാമ്പസ് പേര്
  *കൂരാം പൊത്ത് - പഴയ വീടുകളില്‍ ചുമരില്‍ കാണുന്ന വൃത്താകൃതിയുള്ള ദ്വാരം

Friday, 27 September 2013

എന്റെ ഉന്മാദങ്ങളുടെ സഹായാത്രികക്ക്














പിരിയന്‍ ഗോവണി
കയറുന്നതിനിടയിലെ
കിരു കിരാ ശബ്ദത്തെ
ബിതോവന്റെ സിംഫണിയില്‍
ചേര്‍ത്തു വെക്കുന്നവള്‍ക്ക്

എന്നോടോട്ടിക്കിടന്നു
മച്ചില്‍ പതിച്ചു വച്ച
ആകാശത്തെ കാണുമ്പോഴൊക്കെ ,
വലതു വശത്ത് മിന്നി നില്‍ക്കുന്ന
നക്ഷത്രത്തിന്
എന്റെ പേരിടണമെന്ന്
അടക്കം പറഞ്ഞവ്ള്‍ക്ക്

കടലിരമ്പങ്ങളെ
കട്ടെടുത്തു കൊണ്ടുവന്നില്ലെന്നു പറഞ്ഞു ,
ഇനിയും കണ്ടെത്തിയിട്ടിലാത്ത
സ്നേഹങ്ങളുടെ ദ്വീപുകളില്‍
പരിഭവങ്ങളെ
ഒളിച്ചു വെക്കുന്നവള്‍ക്ക്

രാത്രിയാണോ ? പകലാണോ ?
എന്ന് ചോദിക്കുമ്പോള്‍ !
'നിന്റെ കൂടെയാണെന്ന് ' മാത്രം
മറുപടി പറയുന്ന ,
ചിരിക്കുന്ന കണ്ണുകളുള്ള
എന്റെ ഉന്മാദങ്ങളുടെ സഹയാത്രികക്ക് .

Tuesday, 29 January 2013

അലെന്‍ സില്‍വെസ്ട്രി | നൃത്തം /ഉന്മാദം /പ്രണയം | കുളിമുറി

ഹൃദ്യമായ ആസ്വാദനത്തിനു ഈ സംഗീതം കൂടെ കേള്‍ക്കുക













ബാത്ത് റൂമിനകത്ത് കട്ടപിടിച്ച കറുത്ത ഇരുട്ട് ,
തലയിലേക്ക് തണുത്ത വെള്ളം വന്നു വീഴുന്നുണ്ട്‌
യാന്ത്രികമായി കൈവിരലുകള്‍ വലിയ കപ്പിനെ താഴ്ത്തുകയും
ബക്കറ്റിലെ തണുത്ത ഒഴുക്കിനെ
മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു

അലെന്‍ സില്‍വെസ്ട്രി *
നിന്റെ വിരല്‍ തുമ്പുകളില്‍ മായാ ജാലമുണ്ട്
പിയാനോയുടെ കറുത്ത കട്ടകള്‍ വെളുത്ത കട്ടകള്‍ക്ക് മുകളില്‍
അതോ തിരിച്ചോ ? അധിനിവേശം നടത്തുന്ന സംഗീതം
എനിക്കുള്ളിലെ ഉന്മാദിയെ ഉണര്‍ത്തിക്കൊണ്ടിരുന്നു
പതിയെ എന്റെ കാല്‍ വിരലുകള്‍ നിലത്തു നിന്നും ഉയര്‍ന്നു
എനിക്കുളിലെ നൃത്തത്തെ ആന്വേഷിച്ചു നിന്റെ സംഗീതത്തിന്റെ
കൂട്ടും പിടിച്ചു ഞാന്‍ നടന്നു കയറി

ഒരു കൂട്ടം വയലിനുകള്‍
കരളില്‍ തറക്കുന്ന വേദന സമ്മാനിക്കുന്ന ഭാഗം വന്നപ്പോളാണ്
എന്റെ കണ്ണുകളില്‍ നിന്ന് 'വിഷാദം ' കടലുകളെ
പ്രസവിച്ചു തുടങ്ങിയത്
അപ്പോഴും എന്റെ കാലുകളും, കൈകളും ,
നനഞ്ഞു കിടക്കുന്ന നീണ്ട മുഴിയിഴകളും
നൃത്തത്തില്‍ അലിഞ്ഞു കിടക്കുക തന്നെ ആയിരുന്നു

പെട്ടന്നു കണ്ണുകളില്‍ പ്രണയം വന്നു നിറഞ്ഞു
അവളുടെ സാമീപ്യം കൊതിക്കുകയും
നിവര്‍ത്തിയ എന്റെ കൈകള്‍ക്ക് നടുവിലേക്ക്
മഞ്ഞു പോലെ അവള്‍ വന്നു ചേരുകയും ചെയ്തു .
പിന്നീട് ഞങള്‍ ഒരുമിച്ചാണ് നൃത്തം ചവുട്ടിയത്‌
ചുവടുകള്‍ ഇടയ്ക്കു തെറ്റുകയും
ചുവടുകളെ തേടിപ്പിടിക്കുന്ന ഇടവേളകളില്‍
പരസ്പരം പുണര്‍ന്നു കൊണ്ടിരിക്കുകയും ചെയ്തു .
മനപ്പൂര്‍വ്വം ചുവടുകള്‍ തെറ്റിച്ചു കൊണ്ട്
ചുണ്ടുകളിലെ പക്ഷികളെ പരസ്പരം പറത്തിവിട്ടത്
പിയാനോയുടെ സംഗീതത്തെ നീ തിരികെ തന്നപ്പോളാണ് .

വെള്ളത്തുള്ളികളെ ചവുട്ടിത്തെറിപ്പിച്ചുകൊണ്ട
എത്ര നേരമാണ് ഞങ്ങള്‍ നൃത്തം ചവുട്ടിയത്‌
എന്ന് എനിക്കോര്‍മ്മയില്ല .
ഉണരുമ്പോള്‍ തറയില്‍ വീണുകിടക്കുന
പോസ്റ്ററില്‍ ആയിരുന്നു ഞാന്‍
അപ്പോഴും നിന്റെ സംഗീതം ഒരിക്കലും നിലക്കാത്ത പുഴ പോലെ
ഒഴുകിക്കൊണ്ടേ ഇരുന്നു .
പതിഞ്ഞ സ്വരത്തില്‍ അവളോട് പറഞ്ഞ കവിതയുടെ
അവസാനത്തെ വരി മാത്രം എനിക്കോര്‍മ്മ വന്നു
" ആരും ആരുടേയും സ്വന്തമല്ല
നീയും ഞാനും സ്നേഹം ചേര്‍ത്ത് വെക്കുന്ന
രണ്ടു ജീവിതങ്ങള്‍ മാത്രം "

എന്റെ കാലുകള്‍ക്ക് നിന്റെ വയലിനുകള്‍ക്കൊപ്പം
ജീവന്‍ വെക്കുന്നു
ഞാന്‍ വീണ്ടും നൃത്തം ചവിട്ടട്ടെ
ബക്കറ്റിലെ നദി കൈവഴികളുമായി പുറത്തേക്കൊഴുകുന്നുണ്ട്
ലോകം അവസാനിച്ചു പോകുന്ന നിമിഷം വരെ
നൃത്തം ചവിട്ടാന്‍ അലെന്‍ സില്‍വെസ്ട്രി ,
നിനക്ക് ഞാന്‍ എന്ത് കൈക്കൂലി തരണം
നീ തുടരുക പിയാനോ കട്ടകളില്‍
എന്റെ കാലുകളെയും , എന്റെ ഹൃദയത്തെയും ,
എന്റെ മരണത്തെയും ഞാന്‍ ഇറക്കി വെക്കുന്നു .


* അലെന്‍ സില്‍വെസ്ട്രി - അമേരിക്കന്‍ മുസിക്  കമ്പോസര്‍

Tuesday, 8 January 2013

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍.






ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
അതിനെ താങ്ങി നിര്‍ത്തുന്ന കോണ്‍ക്രീട്ടിന്റെ തന്നെ
വലിയ കാലുകളും ഉണ്ട്.
മഴ പെയ്യുമ്പോള്‍ കാണാതിരിക്കാനും
വെയിലില്‍ പൊള്ളിക്കുന്ന ഓര്‍മ്മകള്‍ പകരാനും
കാറ്റിനെ ഏഴയലത്ത് വരെ അടുപ്പിക്കാതിരിക്കാനും
കള്ളന്മാരായ കള്ളന്‍ മാര്‍ക്കൊക്കെ
കണ്ടു പരിഹസിക്കാനും വേണ്ടി പണിതു വെച്ചതാണ്
ഈ കോണ്‍ക്രീറ്റ് ഭിത്തി
നിന്നെ കാണണമെന്ന് തോന്നുമ്പോളൊക്കെ
ആകാശത്തെ കൂട്ട് പിടിക്കലാണ് പതിവ്
ഇവിടെ ഇങ്ങനെ മലര്‍ന്നു കിടക്കുമ്പോള്‍

 നിന്റെ ആകാശത്തെ
കോണ്‍ ക്രീറ്റ് ഭിത്തി ഒളിച്ചു വക്കുന്നു

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
ഇരുമ്പു കമ്പിയും ,സിമന്റും ,കരിങ്കല്‍ ചീളുകളും കുത്തി നിറച്ച
പരന്ന വയറുള്ള വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
എട്ടുകാലികള്‍ കോണ്‍ക്രീറ്റ് ഭിത്തിയെ
താങ്ങി നിര്‍ത്തുന്നവരെ പോലെ അഹങ്കാരികള്‍ ആണ്.
ദിവസത്തില്‍ രണ്ടു തവണ മാത്രം കൃത്യ സമയം കാണിക്കുന്ന
വട്ടനെ ഉള്ള ക്ലോക്ക് സമയത്തെ മുഴുവന്‍ അടക്കി വെച്ച്
ഗൌരവം വിടാതെ തുറിച്ചു നോക്കുന്നു .
മൂന്ന് ലിംഗവും ഒരു വൃഷ്ണ സഞ്ചിയും ഉള്ള
കറുത്ത ഒരു ഫാന്‍ കറങ്ങുകയും തൂങ്ങി കിടക്കുകയും
ചെയ്യുന്ന പ്രത്യക ജനുസ്സില്‍ പെട്ട ജീവിയാണ്

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
ചിന്തകളെ ഉണ്ടാക്കാത്ത / കടം കൊള്ളാത്ത ,
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
സൈഡ് ലുള്ള കോണ്‍ക്രീറ്റ്ലൂടെ തുളഞ്ഞു പോയ
ചതുരക്കട്ടയിലാണ് പുസ്തകങ്ങളുടെ ഉറക്കം
തലച്ചോറില്‍ നിന്ന് തലച്ചോറിലേക്ക് 

സഞ്ചരിച്ച ഓര്‍മ്മകള്‍
നിനക്കെഴുതിയ കുറിപ്പുകള്‍ എല്ലാം 

തുള കയ്യടക്കിയിരിക്കുന്നു
നീ തന്ന ചുകന്ന റോസാപൂവിന്റെ കരിഞ്ഞ പ്രേതം
ആരുടെയോ തലച്ചോറിനകത്ത് നീര് നഷ്ട്ടപ്പെട്ട നദിയെ
വളര്‍ത്തുന്നതും അവിടെയാണ് .

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
കാടുകളുടെയും പ്രണയത്തിന്റെയും കഥകള്‍ പറയുന്ന
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
ഒരിക്കല്‍ എന്റെ ചുണ്ടിന്റെ തുമ്പു വരെ താഴ്ന്നു വരികയും
ചെവിടിനോട് നിന്നെ കുറിച്ച് 

സ്വകാര്യങ്ങള്‍ പറയുകയുമുണ്ടായി .
നിന്റെ ബസ്സിനു പകരം ഒരു കാട് ഓടി വരികയും
നീ കാട്ടിലേക്ക് ഊളിയിടുകയും 

നമ്മള്‍ കണ്ടു മുട്ടുകയും ചെയ്ത കഥ
കാടിനകത്തെ വലിയ കോണ്‍ക്രീറ്റ് ഭിത്തിക്ക് മുകളില്‍ കിടന്നു
കടലാസ് വിമാനങ്ങളില്‍ ചുമ്പനങ്ങളെ 

പറത്തിവിട്ട കഥ

ആകാശത്തിനും ,നിനക്കും ,എനിക്കും ഇടയില്‍
ചോദിക്കുന്നതെന്തും തരുന്ന ,ദൈവത്തെ പോലെ
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
ചിറകുകള്‍ ചോദിച്ചു കരഞ്ഞപ്പോള്‍
എട്ടുകാലി വലകള്‍ താഴേക്ക്‌ പൊഴിച്ചും
വിശന്നപ്പോള്‍ പഴകിയ കോണ്ക്രീറ്റ് 

കഷങ്ങള്‍ അടര്‍ത്തി ഇട്ടും
സംരക്ഷിക്കുന്നുണ്ട് .
മേഘങ്ങളില്‍ ( പേടിച്ചു )ഒളിച്ചിരുന്നു
ചോദിക്കുന്നതെന്തും തരുന്ന വലിയ ദൈവത്തെ പോലെ
കോണ്‍ക്രീറ്റ് ഭിത്തി.

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍ ....

Thursday, 13 December 2012

അപ്പോള്‍ അവിടെ ഒരു ദൈവവും ഉണ്ടായിരുന്നില്ല !!!














താഴെ ആകാശവും മുകളില്‍ മരങ്ങളും
നിറഞ്ഞു നില്‍ക്കുന്ന ഒരു വനത്തിലെ
മരക്കൊമ്പില്‍ തൂങ്ങി നിന്നാണ്
നമ്മള്‍ ഇണ ചേര്‍ന്നത്‌
വലതു വശത്തെ വള്ളിയില്‍ തൂങ്ങിയാടി ഞാനും
ഇടതു വശത്ത് നിന്ന് നീയും
ജീവനെ തിരഞ്ഞു

മൃഗങ്ങളുടെ അലര്‍ച്ചകള്‍
കിളികളുടെ പാട്ടുകള്‍
പുഴകളുടെ സ്വകാര്യങ്ങള്‍
എന്നിട്ടും എന്റെയും നിന്റെയും
സീല്‍ക്കാരങ്ങള്‍ ഭൂമിയെ ഇളക്കി മറിച്ചു

നിന്റെ മനസ്സിലപ്പോള്‍ ഒരു മാന്‍ കുട്ടിയുടെ
രൂപമായിരുന്നു എന്ന് നീ പറഞ്ഞു .
എന്റെ മനസ്സില്‍ ഒരു സിംഹവും

നീണ്ട മുടിയിഴകള്‍ക്കിടയില്‍ നിന്ന് നിന്റെ
കോമ്പല്ലുകള്‍ രത്നം പോലെ തിളങ്ങിയപ്പോഴാണ്
എന്റെ മനസ്സിലേക്ക് സിംഹത്തിന്റെ
സ്വപ്നം കയറി വന്നത്

എന്റെ ലിംഗാഗ്രത്തിലൂടെ കയറിവന്ന
നക്ഷത്രങ്ങള്‍ നിന്റെ ഉദരത്തില്‍
യുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു
ആ സെക്കണ്ടിലെ ഉദരയുദ്ധം
ഞാനും നീയും ആ മരക്കൊമ്പില്‍
തൂങ്ങി ആടിക്കൊണ്ടു തന്നെ സ്വപനം കണ്ടു .

ആരൊക്കെയോ കാടിനെ ഒരു ചെടിച്ചട്ടിയില്‍
നിറച്ചു അലമാരിയില്‍ പൂട്ടിവെക്കുന്നു
പുഴയെ നിന്റെ അച്ഛന് കാഴ്ച വെക്കുന്നു

മലകളില്‍ ,ഗുഹകളില്‍ ,വെള്ളച്ചാട്ടങ്ങളില്‍
ഓടിനടക്കേണ്ട നക്ഷത്രങ്ങള്‍
നിന്റെ ചുമരുകളിലേക്ക് ആഞ്ഞു വന്നു തറക്കുന്നു

നിന്റെ ഉദരഭിത്തിയിലേക്കു പറ്റിപ്പിടിച്ച
ആ ജീവനെ
ആകാശത്തിനും കടലിനും
ഇടയില്‍ നിന്ന് മഴ ഇറങ്ങി വന്നു
മരങ്ങള്‍ക്കൊപ്പം നനക്കുന്നു.

വെളിച്ചം പറന്നു വരുന്നതിനു
തൊട്ടുമുന്‍പത്തെ കാറ്റിലൂടെ
നീ ആകാശത്തേക്ക് ഇറങ്ങിപ്പോയി
കാട് ഇലകള്‍ കൊണ്ട് തുന്നിയ ഹൃദയത്തില്‍
എന്നെ ഒളിപ്പിച്ചു

ഞാന്‍ നിന്റെ കാടുകളുടെ രാജാവാകുന്നത്
ഇന്നലെ കണ്ട സ്വപ്നമായിരുന്നു
നീ എന്റെ കാടാകുന്നത്
ആരുടെ സ്വപ്നമാണ് .?

ജീവിതം















99 ല്‍ ആരാടാ പാമ്പിനെ കൊണ്ട് വെച്ചത് .!!!
ലേബല്‍ : പാമ്പും കോണിയും .

Friday, 19 October 2012

ഐറിന്‍










ഐറിന്‍ ,
നീയീ പാതിരാക്കപ്പുറത്തുള്ള
പ്രകാശത്തില്‍

ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന
ഒരു കൊറ്റിയാണ് .

നീണ്ട വെള്ളിരേഖകള്‍ പോലെയുള്ള
നിന്‍റെ തലയിലെ സില്‍ക്കു നൂലുകള്‍ക്ക്
ക്ലിനിക്ക് പ്ലസ്‌ ഷാമ്പുവിന്‍റെ
മഴയാറിയ മണ്ണിന്‍റെ /പെണ്ണിന്‍റെ
മണമാണ് .

ഐറിന്‍ ,
നിന്‍റെ മാറിടത്തിന്‍റെ ചൂടില്‍
ഉരുകിയുറങ്ങിയിരുന്ന
രാത്രിയുടെ സൗന്ദര്യത്തെ
കിരീടം വെച്ച പെണ്ണിന്‍റെ പടമുള്ള
ലെതെര്‍ വോലെറ്റില്‍
നീ തിരുകി കയറ്റുന്നു .

സമയത്തെ മറച്ചു പിടിക്കുന്ന
നിന്‍റെ അടിവസ്ത്രങ്ങള്‍
സൂര്യനൊപ്പം പറക്കുന്ന
വെള്ളിയരയന്നത്തിന്‍റെ കാലുകളില്‍
തൂങ്ങിയാടുന്നു .

ഐറിന്‍ ,
നിന്‍റെ കാലുകള്‍ എന്നെ
നീരാളിപ്പിടുത്തം പിടിച്ച നിമിഷങ്ങളില്‍ ,
പുകഞ്ഞു പറക്കുന്ന
നീലച്ചടയന്‍ പറവകളുടെ
ശീല്കാരത്തെ കുറിച്ച്
പുലമ്പാന്‍ പറയുന്ന കഥയിലെ
രാജകുമാരി/യക്ഷി /പോലീസുകാരി

ഐറിന്‍ ,
നീ..., തീയുകളുടെ നദിയിലൂടെ
പരല്‍മീനിനെ പിടിക്കാന്‍
എന്‍റെ വിരലില്‍ തൂങ്ങിയാടി
നടന്നുവന്നവള്‍
പ്രകാശത്തിന്‍റെ മഞ്ഞവീട്ടില്‍
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന
ഒരു കൊറ്റി .

ഐറിന്
സ്നേഹപൂര്‍വ്വം

Saturday, 7 July 2012

അവസാനത്തെ ബസ്സ്‌










13 പാട്ടുകളുടെ ദൂരമാണ്
വീട്ടിലേക്കു .

120 ഇലക്ട്രിക്‌ പോസ്റ്റുകളും അതില്‍
കത്താതെ നില്‍ക്കുന്ന
97 ബള്‍ബുകളും കടക്കണം .

നിരാശ ബാധിച്ച കാറ്റിനു
വിയര്‍പ്പിന്റെയും മദ്യത്തിന്റെയും
മണമാണ് .

ഹെഡ്‌ ലൈറ്റ് വെളിച്ചം ചെന്ന് തോടുമ്പോളാണ്
ഉറക്കംതൂങ്ങിത്തുടങ്ങിയ കുറ്റിക്കാടുകള്‍
കറുപ്പില്‍ നിന്നും പച്ചയിലേക്ക് ചാടുന്നത്

സിംഹത്തിന്റെയും ,കൊക്കിന്റെയും
ചൂണ്ടലിടുന്ന മീന്പിടുത്തക്കാരന്റെയും
വീടുകള്‍ താണ്ടണം

മൂന്നാമത്തെ പാട്ടിലാണ്
സിംഹത്തിന്റെ വീട് .
കത്താത്ത 30ആമത്തെ ഇലക്ട്രിക്‌ പോസ്ടിനടുത്തു
കൊക്കിന്റെയും .

ഇ എം എസ്സിന്റെ പേരെഴുതിയ
ചുവന്ന കെട്ടിടത്തില്‍ നിന്ന്
കട്ടന്ചായയുടെയും പരിപ്പുവടയുടെയും
കാശിനെ ചൊല്ലിയുള്ള 'ധൈഷണിക കശപിശ '
കേള്‍ക്കാം .

പിന്നെ ഒരു കുരുശു പള്ളി
രണ്ടു അമ്പലം ,മൂന്നു കള്ളുഷാപ്പ്
മനുഷ്യനെ പച്ചക്ക് വെട്ടാന്‍ ലൈസന്‍സുള്ള
ബാര്‍ബര്‍ രാജയുടെ കട .

ഇതാ പതിമൂന്നാമത്തെ പാട്ടുകഴിയുന്നു
ഞാനും എന്റെ ശ്വാസവും
വീട് തേടട്ടെ .

Tuesday, 3 July 2012

ഇര













കാട്ടിലൂടെ നടന്നു പോകണം
മഴ കാണുമ്പോള്‍ ആര്‍ത്തലച്ചു കരയണം.
വെയിലില്‍ നിശബ്ദമായി ചിരിക്കണം.
അവളുടെ മണമോ ഓര്‍മ്മയോ
കയറിവരുമ്പോള്‍,
പച്ചിലക്കാടുകള്‍ക്കിടയില്‍ മറഞ്ഞ്
ദംഷ്ട്രയും നഖവും രാകി മിനുക്കണം.

Thursday, 21 June 2012

ഉന്മാദം













ഇരുട്ടിനൊപ്പം കയറിവരുന്ന ഒരു കടലാണ് ഉന്മാദം.
എന്റെ ചങ്ങലകള്‍ കിലുങ്ങുന്നു,തിരമാലകള്‍ ചിരിക്കും പോലെ

Wednesday, 4 April 2012

കാത്തിരിപ്പ്



നീ ,
മറ്റൊരാള്‍ക്ക് സ്വന്തമാകുന്നതുവരെ മാത്രം
validity ഉള്ള ഒരു offer.

Tuesday, 3 April 2012

മഴക്കാടുകളിലേക്ക്












ഇന്നലെ രാത്രി
ഞാനാ കുതിരയെ പിടിച്ചു കെട്ടി
വേദനകളുടെ
സാമ്രാജ്യത്തിനു മുകളിലൂടെ
പടയോട്ടം നടത്തി
എന്റെ സ്വാതന്ത്ര്യം
പ്രഖ്യാപിച്ചു

ഇനി അവള്‍ ചോദിച്ച
മൂന്നു വരങ്ങള്‍ ബാക്കിയുണ്ട്

1 . ഒരു പൂമ്പാറ്റയുടെ  ചിറക്
2 . നക്ഷത്രം പ്രസവിച്ച ഒരു പൂച്ചക്കുഞ്ഞ്
3 . നെഞ്ചിന്‍ ചൂടില്‍ ഒളിച്ചു കിടക്കുന്ന ഉറക്കം

നാളെ സൂര്യനെ കീറിമുറിച്ചു പോകുന്ന
ആദ്യത്തെ മഴമേഘത്തില്‍ 
ഞങ്ങള്‍ സ:കുടുംബം യാത്രയാരംഭിക്കും
മഴക്കാടുകളുടെ അടിത്തട്ടില്‍
ഉറങ്ങിക്കിടക്കുന്ന
ശിഷ്ട ജീവിതത്തിലേക്ക്

അതാ 
ഇന്നിന്റെ സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞു .

Sunday, 1 April 2012

കാവല്‍ പക്ഷി














ഞാനൊരു പക്ഷി ,
രാത്രി
നിന്റെ ജീവിതത്തിനു
കാവല്‍ .
പകല്‍
നിന്റെ നിഴലിനും 

Monday, 26 March 2012

മൗനം

നിനക്കയച്ച
SMS ന്റെ  മറുപടി
യാത്രചെയ്യുന്ന
സമയം .

Saturday, 24 March 2012

ഉണരൂ














ഒരു മാലാഖ വന്നെന്റെ
ചെവിയില്‍ പറയുന്നു
ഉണരൂ ഉണരൂ

ചുറ്റിലും കറുപ്പ്
ആരാണെന്റെ
കണ്ണുകളെ ചൂഴ്‌നെടുത്തത്

രാത്രിയുടെ വരയിടാത്ത പേജുകളില്‍
വരച്ചുവെച്ച നക്ഷത്രത്തെകൊണ്ട്
കടന്നുകളഞ്ഞവളുടെ
ജീര്‍ണിച്ച മണം മുറിയിലാകെ .

രാത്രിയിനിയും വരകള്‍ക്കിടയിലൂടെ
വരിയിലേക്ക്
കുഞ്ഞിനെ പ്രസവിക്കുമായിരിക്കും
അന്ന് നിനക്ക് ഞാന്‍
മാലാഖയുടെ കണ്ണുനീര്‍ത്തുള്ളികള്‍
സ്ഫടിക പാത്രത്തില്‍ ശേഖരിച്ചു
കടം തരും

ഉണരൂ നിന്റെ
ഉണങ്ങിയ പ്രത്യയ ശാസ്ത്രം മാടിവിളിക്കുന്നു