Tuesday 8 November, 2011

കവി(ഥ) ഇതു വരെ .1

ആത്മാവുകള്‍ ഉറങ്ങാത്ത
ആ ഇരുണ്ട വീട്ടിലെ
കഥകളിലേക്ക് വെളിച്ചം പറന്നുവന്നു
"മാംസ നിബദ്ധമല്ല രാഗം"
എന്ന് കരിക്കട്ട കൊണ്ട്
കരിപുരണ്ട ചുമലിലെഴുതിയത്‌
എനിക്കിന്നുമോര്‍മ്മയുണ്ട്.
അനിവാര്യതയുടെ ജീവിതപ്പതിപ്പുകളില്‍
നിങ്ങളത് മായ്ച്ചു കളഞ്ഞു കാണുമല്ലേ ?
വാക്കുകള്‍
വയലറ്റ് മേഘങ്ങളില്‍ കയറി
ദൂരം മറന്നു സഞ്ചരിച്ചു,
നിന്റെ സ്വപ്നങ്ങളില്‍ നൃത്തം ചെയ്ത ,
ചമയങ്ങളഴിച്ചു തളര്‍ന്നുറങ്ങിയത്
എന്റെ ചൂടും പറ്റിയായിരുന്നു.

പരീക്ഷപ്പനി പിടിച്ച
രാത്രികളില്‍
നിന്റെ "ഹൃദയം വെച്ചുമാറുന്ന"
ദിവസത്തെ കുറിച്ച്
അവനെന്നോട് അടക്കം പറഞ്ഞു
നീ തണുപ്പിലാണിപ്പോഴെന്നു
ബാല്യകാല വിനോദത്തിലിരുന്നാരോ
സൂചന തന്നു .
ഇപ്പൊ ചൂടോ ? തണുപ്പോ ?
ആരോ വലിച്ചെറിഞ്ഞ മഞ്ചാടി മണിയുടെ
പിറകെ വാടകക്കെടുത്ത
അന്നേഷിയായി നടക്കുമ്പോള്‍
ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേ ഇരുന്നു !
ഇപ്പൊ ചൂടോ ? തണുപ്പോ ?

മഞ്ഞവെയിലിനെ
വകഞ്ഞു ഞങ്ങളുടെ
ബൈക്കുകള്‍ പാഞ്ഞു പോകുകയായിരുന്നു
പിറകിലേക്കോടിയ
ചിത്രങ്ങളിലെ
പാടങ്ങളും , പാലങ്ങളും
പീടികത്തിണ്ണകളും
പീടികത്തിണ്ണയിലെ ഭ്രാന്തനും
ഇനി ഓര്‍മ്മകളില്‍
കാത്തു നില്‍ക്കുമായിരിക്കും .

ഞാനും കൂടിചേര്‍ന്ന്
അവന്റെ മുഖത്ത്
എഴുതി ഒട്ടിച്ച
ഒരു പ്രണയാഭ്യാര്‍ഥന
നിന്റെ വീടെത്തും വരെ
മഞ്ഞ വെയിലില്‍ തിളങ്ങിക്കിടന്നു

പത്തു മണിപ്പൂ ചിരിച്ചു നിന്നിരുന്ന
നിന്റെ മുറ്റത്ത് നിന്നെ പ്രതീക്ഷിച്ചു
നടന്നു കയറുമ്പോള്‍
അവന്റെ ഹൃദയത്തെക്കാള്‍
എന്റെ ഹൃദയം മിടിച്ചത്
എന്തിനായിരുന്നാവോ?

ചമയങ്ങളഴിച്ചു വച്ച
കഥാ പാത്രങ്ങളുടെ
കണ്ടുമുട്ടലുകളിലെ
വീര്‍പ്പുമുട്ടലായിരുന്നു എനിക്കാ നിമിഷങ്ങള്‍
ഞാനൊരു മാലാഖയെ കണ്ടു
എന്ന് വിളിച്ചു പറഞ്ഞപ്പോളൊക്കെ
കാല്പനീകത തൊട്ടുതീണ്ടിയിട്ടില്ലാത്ത
ഒരു കാറ്റ് എന്നെ
കളിയാക്കി കടന്നുപോയത്
ഇപ്പോളെനിക്ക് ഓര്‍മ്മിച്ചെടുക്കാനാകുന്നുണ്ട്

നിന്റെ മഞ്ഞപ്പല്ല്ലു കാട്ടിയ
വിരിഞ്ഞ പുഞ്ചിരിയും
അലസമായ നോട്ടങ്ങളും
അവന്റെ , മനസ്സു വരച്ചുവെച്ച
ചിത്രങ്ങളില്‍ നിന്ന് ഒരുപാട്
ദൂരത്തിലായിരുന്നു .
നീ എന്നിക്കുള്ളിലേക്ക് എത്തിനോക്കുന്നതു
പോലെ തോന്നിയത് കൊണ്ടാകും
ഞാന്‍ കണ്ണടച്ച് മിണ്ടാതെ ഇരുന്നത്
എനിക്കുള്ളിലെങ്ങാനും നീ ആ കത്തുകള്‍
വായിച്ചെടുത്താലോ ?

നിന്റെ വീടുവിട്ടു ഇറങ്ങിപ്പോരുമ്പോള്‍
അവന്റെ മുഖത്തുണ്ടായിരുന്ന
പ്രണയാഭ്യാര്‍ഥന
പറിഞ്ഞു പോയിരുന്നു
നിന്റെ വീട്ടിലെ പുഞ്ചിരിക്കുന്ന
പത്തുമണി പ്പൂവുകള്‍ കണ്ണടച്ച്
യാത്ര പറയാതെ നിന്നു
പ്രതീക്ഷകളുടെ കൊടുമുടികള്‍
യാഥാര്‍ത്യങ്ങളുടെ സമതലങ്ങളിലേക്ക്
ഇറങ്ങിവരാന്‍ വിസമ്മതിച്ചു.
(തുടരും) 

No comments:

Post a Comment