Friday 3 February, 2012

കവി(ഥ) ഇതു വരെ .3

കലണ്ടറിലെ കറുത്ത അക്കങ്ങള്‍
ചുവന്ന അക്കങ്ങളിലൂടെ
വിയര്‍ത്തും ,നനഞ്ഞും ,തണുത്തും
ഉറങ്ങിയെണീറ്റു കൊണ്ടിരുന്നു

ഉയരത്തില്‍ പറന്ന പട്ടത്തിന്റെ
ചിറകിലൊരു വയലറ്റു മേഘം
ഉടക്കി നിന്നത്
ചിണുങ്ങി വന്ന മഴയുള്ള
ഒരു സായാഹ്നത്തിലായിരുന്നു
മഴയുടെ കുളിരും പേറി
അടയിരുന്നിരുന്ന എന്നെത്തേടി
ചരിത്രത്തില്‍ നിന്നൊരു തീവണ്ടി
കൂകി വിളിച്ചു പാഞ്ഞു വന്നു .

നിന്റെ ശബ്ദത്തിന്റെ തണുത്ത സൗന്ദര്യത്തില്‍
ഞാന്‍ ഭയപ്പെട്ടു പോയിരുന്നു
മരണത്തിനു കത്തെഴുതുന്ന കാമുകിയുടെ
അതെ കൈപ്പടയിലാണ്
നീയെനിക്ക് ആദ്യമെഴുതിയത്
അത് നിറയെ അവനും നീയും
മാത്രമായിരുന്നു
പിന്നെ ഉത്തരം പറയാനറിയാത്ത
അടിവരയിട്ട കുറെ ചോദ്യങ്ങളും .
ചോദ്യങ്ങള്‍ക്കിടയിലൂടെ കയറിവന്ന
തിരമാലകളില്‍ നിന്റെ വിതുമ്പലിന്റെ
ഉപ്പുരസം കലര്‍ന്നിരുന്നു

എഴുതിപ്പറത്തിയ വരികള്‍ക്കിടയില്‍ നിന്ന്
പറിചെടുത്താണ് അവനെ നീ
നാടുകടത്തിയത്
പിന്നീടു ഓരോ നിമിഷങ്ങളും
ഉരുണ്ടു പരന്ന അക്ഷരങ്ങളായി
അങ്ങോട്ടും ഇങ്ങോട്ടും യാത്രയാരമ്പിച്ചപ്പോള്‍
വരികള്‍ക്കിടയില്‍ പ്രണയം
കണ്ണുപൊത്തിക്കളിക്കുകയായിരുന്നു

മഞ്ഞവെയില്‍ പരന്നു കിടന്ന പകലുകളും
നിര്‍ത്താതെ മഴപെയ്ത രാത്രികളും
കവറിലാക്കി അഞ്ചു രൂപാ സ്റ്റാമ്പുമൊട്ടിച്ചു നീ പറത്തിവിട്ടു
ഞാനാ മഴയില്‍ നനഞൊലിച്ചു
" നീ ഒരു മഴയാണ്
പ്രണയം കാത്തു കിടന്നപ്പോള്‍
അറിയാതെ പെയ്ത മഴ .
ഊഷരമായ ഹൃദയത്തിലേക്ക്
തണുത്തിറങ്ങിയ മഴ
എന്റെ മാത്രം മഴ "
ഒരു മഴക്കഥ അവിടെ തുടങ്ങുകയായിരുന്നു
ഓരോതുള്ളിയിലും പൊള്ളുന്ന അത്മാവുള്ള
ഒരു മഴക്കഥ

പാഞ്ഞു പോയ ആ ട്രെയിനിന്റെ
പുറകിലേക്ക് പറത്തിവിട്ട
കടലാസുതുണ്ടുകളിലായിരുന്നു ഭൂതകാലം
കുലംകുത്തിപ്പെയ്ത പേരും മഴയത്ത്
അത് നനഞു കുതിര്‍ന്നു കിടക്കുന്നു
ഞാനും നീയും പങ്കുവെച്ച രാത്രികളില്‍ നിന്ന്
നക്ഷത്രങ്ങള്‍ അടര്‍ന്നു വീണിരിക്കുന്നു
അന്ന് നിന്നെ കാത്തു നിന്നേടത്തു
കാറും കോളും വന്നു നിറഞ്ഞിരിക്കുന്നു .
( തുടരും )

1 comment:

  1. മനസ്സില്‍ നിന്ന് കടലാസിലേക്ക് .....

    ReplyDelete