Thursday 13 December, 2012

അപ്പോള്‍ അവിടെ ഒരു ദൈവവും ഉണ്ടായിരുന്നില്ല !!!














താഴെ ആകാശവും മുകളില്‍ മരങ്ങളും
നിറഞ്ഞു നില്‍ക്കുന്ന ഒരു വനത്തിലെ
മരക്കൊമ്പില്‍ തൂങ്ങി നിന്നാണ്
നമ്മള്‍ ഇണ ചേര്‍ന്നത്‌
വലതു വശത്തെ വള്ളിയില്‍ തൂങ്ങിയാടി ഞാനും
ഇടതു വശത്ത് നിന്ന് നീയും
ജീവനെ തിരഞ്ഞു

മൃഗങ്ങളുടെ അലര്‍ച്ചകള്‍
കിളികളുടെ പാട്ടുകള്‍
പുഴകളുടെ സ്വകാര്യങ്ങള്‍
എന്നിട്ടും എന്റെയും നിന്റെയും
സീല്‍ക്കാരങ്ങള്‍ ഭൂമിയെ ഇളക്കി മറിച്ചു

നിന്റെ മനസ്സിലപ്പോള്‍ ഒരു മാന്‍ കുട്ടിയുടെ
രൂപമായിരുന്നു എന്ന് നീ പറഞ്ഞു .
എന്റെ മനസ്സില്‍ ഒരു സിംഹവും

നീണ്ട മുടിയിഴകള്‍ക്കിടയില്‍ നിന്ന് നിന്റെ
കോമ്പല്ലുകള്‍ രത്നം പോലെ തിളങ്ങിയപ്പോഴാണ്
എന്റെ മനസ്സിലേക്ക് സിംഹത്തിന്റെ
സ്വപ്നം കയറി വന്നത്

എന്റെ ലിംഗാഗ്രത്തിലൂടെ കയറിവന്ന
നക്ഷത്രങ്ങള്‍ നിന്റെ ഉദരത്തില്‍
യുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു
ആ സെക്കണ്ടിലെ ഉദരയുദ്ധം
ഞാനും നീയും ആ മരക്കൊമ്പില്‍
തൂങ്ങി ആടിക്കൊണ്ടു തന്നെ സ്വപനം കണ്ടു .

ആരൊക്കെയോ കാടിനെ ഒരു ചെടിച്ചട്ടിയില്‍
നിറച്ചു അലമാരിയില്‍ പൂട്ടിവെക്കുന്നു
പുഴയെ നിന്റെ അച്ഛന് കാഴ്ച വെക്കുന്നു

മലകളില്‍ ,ഗുഹകളില്‍ ,വെള്ളച്ചാട്ടങ്ങളില്‍
ഓടിനടക്കേണ്ട നക്ഷത്രങ്ങള്‍
നിന്റെ ചുമരുകളിലേക്ക് ആഞ്ഞു വന്നു തറക്കുന്നു

നിന്റെ ഉദരഭിത്തിയിലേക്കു പറ്റിപ്പിടിച്ച
ആ ജീവനെ
ആകാശത്തിനും കടലിനും
ഇടയില്‍ നിന്ന് മഴ ഇറങ്ങി വന്നു
മരങ്ങള്‍ക്കൊപ്പം നനക്കുന്നു.

വെളിച്ചം പറന്നു വരുന്നതിനു
തൊട്ടുമുന്‍പത്തെ കാറ്റിലൂടെ
നീ ആകാശത്തേക്ക് ഇറങ്ങിപ്പോയി
കാട് ഇലകള്‍ കൊണ്ട് തുന്നിയ ഹൃദയത്തില്‍
എന്നെ ഒളിപ്പിച്ചു

ഞാന്‍ നിന്റെ കാടുകളുടെ രാജാവാകുന്നത്
ഇന്നലെ കണ്ട സ്വപ്നമായിരുന്നു
നീ എന്റെ കാടാകുന്നത്
ആരുടെ സ്വപ്നമാണ് .?

1 comment: