Wednesday, 24 September 2014

My name Is " പ്രജില്‍ അമന്‍ " I am Not ഹിന്ദു | മുസ്ലീം | ക്രിസ്ത്യന്‍ | സിഖ് ... Etc .But I May Be a ' Terrorist '


 

















ഗാനം എഴുതിയത് അവരായിരുന്നു
ഈണം നല്‍കിയതും, ആദ്യം പാടിയതും
അവര്‍ .
പാടാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ പാടിയത്
അവരുടെ കയ്യിലെ,
മൂച്ചയുള്ള കത്തികളും , വെടിയുണ്ടകള്‍ നിറച്ചുവെച്ച
തോക്കുകളും കണ്ടായിരുന്നു.
ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ലാത്ത
അതിര്‍ത്തികള്‍ വരച്ചതും ,
കൊടികള്‍ക്ക് നിറം കൊടുത്ത്
വീര പുരുഷന്മാരുടെയും ധീര വനിതകളുടെയും
ചോരയിലും ശുക്ലത്തിലും മുക്കിയ കഥകള്‍
പറഞ്ഞ് പഠിപ്പിച്ചതും
അവര്‍ തന്നെ .


അവര്‍
ഒരു വട്ടം വരക്കുന്നതും
വരക്കപ്പെടുന്നതും
വട്ടത്തിനകത്ത്
കാലുകളും കയ്യുകളും ചരടുകളില്‍
ബന്ധിക്കപ്പെട്ടിരിക്കുന്നതും
ചിലന്തി വലകളിലൂടെയുള്ള വേച്ചുവേച്ചുള്ള
നടത്തങ്ങളെ പ്പോലും
അവരുടെതന്നെ പോലീസുകാരാല്‍*
നിരീക്ഷിക്കപ്പെടുന്നതും
അറിയാതെയല്ല .

'ജനാധിപത്യത്തിലെ ഫാസിസ്റ്റ് മുറി' മാത്രമേ
അന്നവിടെ തുറന്നുകിടക്കുന്നുണ്ടായിരുന്നുള്ളൂ .
ആദിവാസികള്‍ക്കും
 സ്വാതന്ത്ര്യ വാദികള്‍ക്കും
സ്നേഹത്തെ കുറിച്ച് കവിതകളെഴുതുന്നവര്‍ക്കും
കാടിനെ കുറിച്ചോ , മലകളെ കുറിച്ചോ , പുഴകളെ കുറിച്ചോ
അറിയാതെ പോലും പറഞ്ഞു പോകുന്നവര്‍ക്കും ,
ചോരവീണ തെരുവുകളെ
ഓര്‍മ്മകളില്‍ കൊണ്ടുനടക്കുന്നവര്‍ക്കും
അവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല

'ഞാന്‍' എന്ന ജനം ഭരണാധികാരി എന്ന അവസാന വാക്കില്‍
ഭയപ്പെട്ടും , പടവെട്ടിയും ,സന്ധിചെയ്തും
മരിച്ചു പോയിരുന്നു '
അവിടെ അവരുടെ ഗാനം
ഉറക്കെ ഉറക്കെ പാടുന്നവര്‍
ഉച്ചത്തില്‍ പാടിക്കൊണ്ടേ ഇരുന്നു
യുദ്ധങ്ങളുടെ മനോഹരമായ ആ ഗാനം.

Tuesday, 26 August 2014

അടയാളങ്ങള്‍ , സ്വാതന്ത്ര്യത്തിന്റെ !!!













 








'' എന്നേയും നിന്നെയും
അടയാളപ്പെടുത്താത്ത ഭൂപടങ്ങളെപ്പോലെ ,
സ്വാതന്ത്ര്യവും
ഒരു നുണ ''




Wednesday, 2 July 2014

ഒരു ' ആഴ്ചപ്പതിപ്പ് ' അഥവാ ' സരമാഗോവിന്റെ ' ഭൂതം ഭാവി വര്‍ത്തമാനം.














  
" അലമാരകളെ 'കനപ്പെട്ട 'ചിന്തകള്‍
കീഴടക്കുമ്പോള്‍
അടിത്തട്ടില്‍ നിന്ന് ആകാശമാര്‍ഗ്ഗം
കോണ്‍ക്രീറ്റ് കാടുകളിലേക്ക്
പറക്കുന്നവയാണ്
സരമാഗോകള്‍ *

മോക്ഷം കാത്തു കിടക്കുന്ന ജീവിതങ്ങള്‍
പൊടിയിലും മാറാലയിലും രാജ്യം തീര്‍ക്കുന്നുണ്ട് .
ഒരു പാറ്റയുടെ തീറ്റയോ ,
പല്ലികളുടെ കക്കൂസോ ആയി
കോണ്‍ക്രീറ്റ് കാടുകളുടെ ചതുപ്പില്‍
അവ , പുതഞ്ഞു കിടപ്പുണ്ട്.

കവിതകള്‍ തുമ്മുന്നതും ,
കഥകള്‍ മൂക്കള വലിച്ചു കയറ്റുന്നതും ,
കനപ്പെട്ട ലേഖനങ്ങളുടെ നീട്ടി നീട്ടിയുള്ള
ആസ്ത്മാ വലിവും
കണ്ണും കാതും കൂര്‍പ്പിച്ചാല്‍
റെയില്‍ പാളത്തിന്റെ ചിരിപോലെ
കേള്‍ക്കാം . "

പെട്ടിക്കടകളില്‍ തൂങ്ങിയാടി നില്‍ക്കുമ്പോള്‍ കടുപ്പമുള്ള 'മൂന്നു ചായയുടെ 'ആശ്വാസത്തെ തല്‍ക്കാലത്തേക്ക് മറന്ന് പോകുന്നതും ,
സ്വന്തത്തെ കുറിച്ചുള്ള ദാര്‍ശനിക സ്വപ്നങ്ങള്‍ പണയം വച്ച് സ്വന്തമാക്കുന്നതും 


സരമാഗോയോടുള്ള
പ്രണയം മൂക്കുന്നതുകൊണ്ടാണ് .

ചിലപ്പോളൊക്കെ ( ഒട്ടു മിക്കപ്പോഴും)തുറന്നു പോലും നോക്കാന്‍ തോന്നാതെ , (ശ്രമിക്കാതെ )അവളുടെ ഓര്‍മ്മ പരത്തി കടല്‍ത്തിരമാലകളെ ഓര്‍മ്മിപ്പിക്കുന്ന കിടക്കയിലോ .
കക്കൂസിനെ പുറം ലോകത്തേക്ക് ബന്ധിപ്പിക്കുന്ന കൂരാംപൊത്തിലോ ,* അതുമല്ലെങ്കില്‍ , തോളില്‍ തൂങ്ങി ആടി മടുക്കാനും ദര്‍ശനങ്ങളെ ലോകം കാണാതെ ഒളിച്ചു വെക്കാനും വിധിക്കപ്പെട്ട തോള്‍ സഞ്ചിയിലോ ഒക്കെ ജീവിച്ചു മടുത്താണ് ഓരോ സരമാഗോയും കോണ്‍ക്രീറ്റ് കാടുകളിലേക്ക് പറക്കുന്നത് .

ശുഭം .

* സരമാഗോ ~ പോര്‍ച്ചുഗീസ് എഴുത്തുകാരനില്‍ നിന്ന് ആഴ്ചപ്പതിപ്പുകള്‍ക്ക് കിട്ടിയ ഒരു കാമ്പസ് പേര്
  *കൂരാം പൊത്ത് - പഴയ വീടുകളില്‍ ചുമരില്‍ കാണുന്ന വൃത്താകൃതിയുള്ള ദ്വാരം

Saturday, 1 February 2014

ശോശാമ്മയുടെ ജീവിത ‘വര്‍ഷ’ങ്ങള്‍


 











പൂമരത്തിന്റെ വേരുകളിലാണ്
ശോശാമ്മയുമൊത്തുള്ള
ഒളിഞ്ഞും തെളിഞ്ഞുമുള്ള ജീവിതങ്ങളെ
കുഴിച്ചിട്ടിരുന്നത്
അന്നതൊരു കാറ്റ് പിടിച്ചാല്‍ വളയുന്ന ,
പൂവോ , കായോ , ജനിക്കുന്നതിനെ കുറിച്ച്
സ്വപ്നം പോലും കണ്ടിട്ടില്ലായിരുന്ന കാലമായിരുന്നു
സോവിയറ്റ് യൂണിയന്റെ ചുവന്ന കാറ്റും !
‘ ഇടിമുഴക്കങ്ങളും ‘ കൊണ്ട്
വസന്തം വരുമെന്ന് തറപ്പിച്ചു പറഞ്ഞിരുന്ന കാലം

വഴിവക്കിലെ തൊട്ടാവാടി ച്ചെടികള്‍
തലോടലില്‍ ഇലകള്‍ കൊണ്ട് പരസ്പരം ഭോഗിച്ചിരുന്ന
കിരുകിരുപ്പ്‌ നോക്കിയിരുന്നു, നോക്കിയിരുന്ന്
വേരുകളില്‍ നിന്ന്, പത്തായപ്പുരയുടെ ഇരുട്ടിനെ തിന്നുന്ന
ജനലില്ലാത്ത മുറിയിലേക്ക്
പ്രണയം കയറിവന്നു കിതച്ചു .
ഒളിവിലെ ഓര്‍മ്മകള്‍ വായിച്ചു തളര്‍ന്ന്
പുലര്‍ക്കാലങ്ങളില്‍ ,നട്ടുച്ചകളില്‍ ... വിപ്ലവം ,
വെളുത്തു കൊഴുത്ത് , കാലുകള്‍ കൂട്ടിമുട്ടുന്ന കവിതകള്‍
ഉച്ചത്തില്‍ ഉച്ചത്തില്‍ പാടി .
വയലറ്റ് മേഘങ്ങളേ പ്പോലെ ഉണ്ടയുണ്ടയായ പൂവുകളെ
കാറ്റുകള്‍ മുള്ളുകളില്‍ പ്രസവിച്ചു .

മുപ്പതിലെത്തിയ മരത്തിന്
നിറയെ ചുവന്ന പൂവുളുണ്ടായിരുന്നു
നീണ്ട ലിംഗങ്ങള്‍ പോലെ തൂങ്ങിയാടി നില്‍ക്കുന്ന
വിത്തുകളും /കായകളും ഉണ്ടായി .
ശോശാമ്മക്ക് പൂമരത്തിന്റെ വേരുകളില്‍ നിന്ന് മോചനവും .
മോചന ദ്രവ്യം കൊടുത്ത നസ്രാണിയുടെ
ആയിരത്തൊന്നു രാവുകളില്‍ ശോശാമ്മ
‘അറബിയുദ്ധങ്ങളുടെ കഥകള്‍’ മാത്രം കേട്ട് തളര്‍ന്നുറങ്ങി
അടക്കം പറഞ്ഞ ജീവിതങ്ങള്‍ ,
ഉറുമ്പുകള്‍ പുറ്റുകളിലെ മഴകാത്തു കിടക്കുന്ന മിണ്ടാ ’പ്രാണി’ കളുടെ
ചിറകിലേക്ക് തുപ്പലും കൊഴുപ്പും ചേര്‍ത്തു ഒട്ടിച്ചുവച്ചു .

ലോകം ഒരു കുടക്കീഴില്‍
നനഞ്ഞ് ചോര്‍ന്നൊലിച്ച് നിന്നുതുടങ്ങിയപ്പോള്‍
ശോശാമ്മയുടെ വിയര്‍പ്പിന്
ബ്ലൂ ലേഡിയുടെയും ,മുഖത്തിനു ഫെയര്‍ ആന്‍ഡ്‌ ലവ് ലിയുടെയും ,
അടിവസ്ത്ത്രങ്ങള്‍ക്ക് ‘വിക്ടോറിയാസ് സീക്രെട്ടിന്റെയും
വേലിയേറ്റങ്ങളുണ്ടായി
അന്നവളുടെ ‘നസ്രാണി’ കപ്പല്‍ കൊള്ളക്കാരാല്‍ വധിക്കപ്പെട്ടതിന്റെ
ഓര്‍മ്മദിവസമായിരുന്നു.
ശോശാമ്മയുടെ വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്നു
കളിമണ്ണ്‍ പോലായ പൌരുഷം
‘കേമല്‍’ പശയുടെ പശപശപ്പില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍ !!!
പൂമരത്തെയും ,തൊട്ടാവാടിച്ചെടിയിലെ വയലറ്റ് മേഘങ്ങളെയും,
ഉറുമ്പുകളെയും., കുറിച്ച് ശോശാമ്മക്കല്ല , എനിക്ക് തന്നെ
നേരിയ ഒരോര്‍മ്മയെ ഉണ്ടായിരുന്നുള്ളൂ !!.

രാജ്യത്തിന്റെ അറുപതാം
ജന്മദിനം കഴിഞ്ഞ ആ അര്‍ദ്ധരാത്രിയില്‍
ചുവന്ന കൊടിപുതച്ച്
ഞാന്‍ മരിച്ചു കിടന്ന രാത്രിയില്‍
എന്റെ വീടിന്റെ വേലിക്കല്‍ വരെ വേച്ച്, വേച്ച് വന്ന
ശോശാമ്മയുടെ പ്രേതത്തെ
നാലുവരിപ്പാത കവര്‍ന്നെടുത്ത പൂമരത്തിന്റെ ചില്ലകളില്‍ വെച്ച്
ദഹിപ്പിച്ചു .

ഇന്ന്
പൂമരത്തിന്റെ വെട്ടാതെ വെച്ച വേരുകളില്‍ ഇരുന്നു
ശോശാമ്മയുടെ പ്രേതം എന്റെ പ്രേതത്തെ
‘ഒളിഞ്ഞും തെളിഞ്ഞുമുള്ള ,ഒളിവുജീവിതത്തെ’ കുറിച്ച് പറഞ്ഞു
പ്രലോഭിപ്പിക്കുന്നു
ഇരുട്ടിനോ വെളിച്ചത്തിനോ
പകലിനോ, രാത്രിക്കോ, അവളുടെ നസ്സ്രാണിക്കോ
നിനക്കോ, നിങ്ങള്‍ക്കോ മരത്തിനടിയില്‍ കുഴിച്ചിട്ട ഒളിവുജീവിതത്തെ
കാണാന്‍ കഴിയില്ലല്ലോ !!!

ഇനി
ഇരുട്ടിനോ വെളിച്ചത്തിനോ
പകലിനോ, രാത്രിക്കോ, അവളുടെ നസ്സ്രാണിക്കോ
നിനക്കോ, നിങ്ങള്‍ക്കോ മരത്തിനടിയില്‍ കുഴിച്ചിട്ട
ഞങ്ങളുടെ ഒളിവുജീവിതത്തെ കാണാന്‍ കഴിയുമോ ?.

Friday, 27 September 2013

എന്റെ ഉന്മാദങ്ങളുടെ സഹായാത്രികക്ക്














പിരിയന്‍ ഗോവണി
കയറുന്നതിനിടയിലെ
കിരു കിരാ ശബ്ദത്തെ
ബിതോവന്റെ സിംഫണിയില്‍
ചേര്‍ത്തു വെക്കുന്നവള്‍ക്ക്

എന്നോടോട്ടിക്കിടന്നു
മച്ചില്‍ പതിച്ചു വച്ച
ആകാശത്തെ കാണുമ്പോഴൊക്കെ ,
വലതു വശത്ത് മിന്നി നില്‍ക്കുന്ന
നക്ഷത്രത്തിന്
എന്റെ പേരിടണമെന്ന്
അടക്കം പറഞ്ഞവ്ള്‍ക്ക്

കടലിരമ്പങ്ങളെ
കട്ടെടുത്തു കൊണ്ടുവന്നില്ലെന്നു പറഞ്ഞു ,
ഇനിയും കണ്ടെത്തിയിട്ടിലാത്ത
സ്നേഹങ്ങളുടെ ദ്വീപുകളില്‍
പരിഭവങ്ങളെ
ഒളിച്ചു വെക്കുന്നവള്‍ക്ക്

രാത്രിയാണോ ? പകലാണോ ?
എന്ന് ചോദിക്കുമ്പോള്‍ !
'നിന്റെ കൂടെയാണെന്ന് ' മാത്രം
മറുപടി പറയുന്ന ,
ചിരിക്കുന്ന കണ്ണുകളുള്ള
എന്റെ ഉന്മാദങ്ങളുടെ സഹയാത്രികക്ക് .

Tuesday, 29 January 2013

അലെന്‍ സില്‍വെസ്ട്രി | നൃത്തം /ഉന്മാദം /പ്രണയം | കുളിമുറി

ഹൃദ്യമായ ആസ്വാദനത്തിനു ഈ സംഗീതം കൂടെ കേള്‍ക്കുക













ബാത്ത് റൂമിനകത്ത് കട്ടപിടിച്ച കറുത്ത ഇരുട്ട് ,
തലയിലേക്ക് തണുത്ത വെള്ളം വന്നു വീഴുന്നുണ്ട്‌
യാന്ത്രികമായി കൈവിരലുകള്‍ വലിയ കപ്പിനെ താഴ്ത്തുകയും
ബക്കറ്റിലെ തണുത്ത ഒഴുക്കിനെ
മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു

അലെന്‍ സില്‍വെസ്ട്രി *
നിന്റെ വിരല്‍ തുമ്പുകളില്‍ മായാ ജാലമുണ്ട്
പിയാനോയുടെ കറുത്ത കട്ടകള്‍ വെളുത്ത കട്ടകള്‍ക്ക് മുകളില്‍
അതോ തിരിച്ചോ ? അധിനിവേശം നടത്തുന്ന സംഗീതം
എനിക്കുള്ളിലെ ഉന്മാദിയെ ഉണര്‍ത്തിക്കൊണ്ടിരുന്നു
പതിയെ എന്റെ കാല്‍ വിരലുകള്‍ നിലത്തു നിന്നും ഉയര്‍ന്നു
എനിക്കുളിലെ നൃത്തത്തെ ആന്വേഷിച്ചു നിന്റെ സംഗീതത്തിന്റെ
കൂട്ടും പിടിച്ചു ഞാന്‍ നടന്നു കയറി

ഒരു കൂട്ടം വയലിനുകള്‍
കരളില്‍ തറക്കുന്ന വേദന സമ്മാനിക്കുന്ന ഭാഗം വന്നപ്പോളാണ്
എന്റെ കണ്ണുകളില്‍ നിന്ന് 'വിഷാദം ' കടലുകളെ
പ്രസവിച്ചു തുടങ്ങിയത്
അപ്പോഴും എന്റെ കാലുകളും, കൈകളും ,
നനഞ്ഞു കിടക്കുന്ന നീണ്ട മുഴിയിഴകളും
നൃത്തത്തില്‍ അലിഞ്ഞു കിടക്കുക തന്നെ ആയിരുന്നു

പെട്ടന്നു കണ്ണുകളില്‍ പ്രണയം വന്നു നിറഞ്ഞു
അവളുടെ സാമീപ്യം കൊതിക്കുകയും
നിവര്‍ത്തിയ എന്റെ കൈകള്‍ക്ക് നടുവിലേക്ക്
മഞ്ഞു പോലെ അവള്‍ വന്നു ചേരുകയും ചെയ്തു .
പിന്നീട് ഞങള്‍ ഒരുമിച്ചാണ് നൃത്തം ചവുട്ടിയത്‌
ചുവടുകള്‍ ഇടയ്ക്കു തെറ്റുകയും
ചുവടുകളെ തേടിപ്പിടിക്കുന്ന ഇടവേളകളില്‍
പരസ്പരം പുണര്‍ന്നു കൊണ്ടിരിക്കുകയും ചെയ്തു .
മനപ്പൂര്‍വ്വം ചുവടുകള്‍ തെറ്റിച്ചു കൊണ്ട്
ചുണ്ടുകളിലെ പക്ഷികളെ പരസ്പരം പറത്തിവിട്ടത്
പിയാനോയുടെ സംഗീതത്തെ നീ തിരികെ തന്നപ്പോളാണ് .

വെള്ളത്തുള്ളികളെ ചവുട്ടിത്തെറിപ്പിച്ചുകൊണ്ട
എത്ര നേരമാണ് ഞങ്ങള്‍ നൃത്തം ചവുട്ടിയത്‌
എന്ന് എനിക്കോര്‍മ്മയില്ല .
ഉണരുമ്പോള്‍ തറയില്‍ വീണുകിടക്കുന
പോസ്റ്ററില്‍ ആയിരുന്നു ഞാന്‍
അപ്പോഴും നിന്റെ സംഗീതം ഒരിക്കലും നിലക്കാത്ത പുഴ പോലെ
ഒഴുകിക്കൊണ്ടേ ഇരുന്നു .
പതിഞ്ഞ സ്വരത്തില്‍ അവളോട് പറഞ്ഞ കവിതയുടെ
അവസാനത്തെ വരി മാത്രം എനിക്കോര്‍മ്മ വന്നു
" ആരും ആരുടേയും സ്വന്തമല്ല
നീയും ഞാനും സ്നേഹം ചേര്‍ത്ത് വെക്കുന്ന
രണ്ടു ജീവിതങ്ങള്‍ മാത്രം "

എന്റെ കാലുകള്‍ക്ക് നിന്റെ വയലിനുകള്‍ക്കൊപ്പം
ജീവന്‍ വെക്കുന്നു
ഞാന്‍ വീണ്ടും നൃത്തം ചവിട്ടട്ടെ
ബക്കറ്റിലെ നദി കൈവഴികളുമായി പുറത്തേക്കൊഴുകുന്നുണ്ട്
ലോകം അവസാനിച്ചു പോകുന്ന നിമിഷം വരെ
നൃത്തം ചവിട്ടാന്‍ അലെന്‍ സില്‍വെസ്ട്രി ,
നിനക്ക് ഞാന്‍ എന്ത് കൈക്കൂലി തരണം
നീ തുടരുക പിയാനോ കട്ടകളില്‍
എന്റെ കാലുകളെയും , എന്റെ ഹൃദയത്തെയും ,
എന്റെ മരണത്തെയും ഞാന്‍ ഇറക്കി വെക്കുന്നു .


* അലെന്‍ സില്‍വെസ്ട്രി - അമേരിക്കന്‍ മുസിക്  കമ്പോസര്‍

Tuesday, 8 January 2013

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍.






ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
അതിനെ താങ്ങി നിര്‍ത്തുന്ന കോണ്‍ക്രീട്ടിന്റെ തന്നെ
വലിയ കാലുകളും ഉണ്ട്.
മഴ പെയ്യുമ്പോള്‍ കാണാതിരിക്കാനും
വെയിലില്‍ പൊള്ളിക്കുന്ന ഓര്‍മ്മകള്‍ പകരാനും
കാറ്റിനെ ഏഴയലത്ത് വരെ അടുപ്പിക്കാതിരിക്കാനും
കള്ളന്മാരായ കള്ളന്‍ മാര്‍ക്കൊക്കെ
കണ്ടു പരിഹസിക്കാനും വേണ്ടി പണിതു വെച്ചതാണ്
ഈ കോണ്‍ക്രീറ്റ് ഭിത്തി
നിന്നെ കാണണമെന്ന് തോന്നുമ്പോളൊക്കെ
ആകാശത്തെ കൂട്ട് പിടിക്കലാണ് പതിവ്
ഇവിടെ ഇങ്ങനെ മലര്‍ന്നു കിടക്കുമ്പോള്‍

 നിന്റെ ആകാശത്തെ
കോണ്‍ ക്രീറ്റ് ഭിത്തി ഒളിച്ചു വക്കുന്നു

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
ഇരുമ്പു കമ്പിയും ,സിമന്റും ,കരിങ്കല്‍ ചീളുകളും കുത്തി നിറച്ച
പരന്ന വയറുള്ള വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
എട്ടുകാലികള്‍ കോണ്‍ക്രീറ്റ് ഭിത്തിയെ
താങ്ങി നിര്‍ത്തുന്നവരെ പോലെ അഹങ്കാരികള്‍ ആണ്.
ദിവസത്തില്‍ രണ്ടു തവണ മാത്രം കൃത്യ സമയം കാണിക്കുന്ന
വട്ടനെ ഉള്ള ക്ലോക്ക് സമയത്തെ മുഴുവന്‍ അടക്കി വെച്ച്
ഗൌരവം വിടാതെ തുറിച്ചു നോക്കുന്നു .
മൂന്ന് ലിംഗവും ഒരു വൃഷ്ണ സഞ്ചിയും ഉള്ള
കറുത്ത ഒരു ഫാന്‍ കറങ്ങുകയും തൂങ്ങി കിടക്കുകയും
ചെയ്യുന്ന പ്രത്യക ജനുസ്സില്‍ പെട്ട ജീവിയാണ്

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
ചിന്തകളെ ഉണ്ടാക്കാത്ത / കടം കൊള്ളാത്ത ,
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
സൈഡ് ലുള്ള കോണ്‍ക്രീറ്റ്ലൂടെ തുളഞ്ഞു പോയ
ചതുരക്കട്ടയിലാണ് പുസ്തകങ്ങളുടെ ഉറക്കം
തലച്ചോറില്‍ നിന്ന് തലച്ചോറിലേക്ക് 

സഞ്ചരിച്ച ഓര്‍മ്മകള്‍
നിനക്കെഴുതിയ കുറിപ്പുകള്‍ എല്ലാം 

തുള കയ്യടക്കിയിരിക്കുന്നു
നീ തന്ന ചുകന്ന റോസാപൂവിന്റെ കരിഞ്ഞ പ്രേതം
ആരുടെയോ തലച്ചോറിനകത്ത് നീര് നഷ്ട്ടപ്പെട്ട നദിയെ
വളര്‍ത്തുന്നതും അവിടെയാണ് .

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
കാടുകളുടെയും പ്രണയത്തിന്റെയും കഥകള്‍ പറയുന്ന
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
ഒരിക്കല്‍ എന്റെ ചുണ്ടിന്റെ തുമ്പു വരെ താഴ്ന്നു വരികയും
ചെവിടിനോട് നിന്നെ കുറിച്ച് 

സ്വകാര്യങ്ങള്‍ പറയുകയുമുണ്ടായി .
നിന്റെ ബസ്സിനു പകരം ഒരു കാട് ഓടി വരികയും
നീ കാട്ടിലേക്ക് ഊളിയിടുകയും 

നമ്മള്‍ കണ്ടു മുട്ടുകയും ചെയ്ത കഥ
കാടിനകത്തെ വലിയ കോണ്‍ക്രീറ്റ് ഭിത്തിക്ക് മുകളില്‍ കിടന്നു
കടലാസ് വിമാനങ്ങളില്‍ ചുമ്പനങ്ങളെ 

പറത്തിവിട്ട കഥ

ആകാശത്തിനും ,നിനക്കും ,എനിക്കും ഇടയില്‍
ചോദിക്കുന്നതെന്തും തരുന്ന ,ദൈവത്തെ പോലെ
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
ചിറകുകള്‍ ചോദിച്ചു കരഞ്ഞപ്പോള്‍
എട്ടുകാലി വലകള്‍ താഴേക്ക്‌ പൊഴിച്ചും
വിശന്നപ്പോള്‍ പഴകിയ കോണ്ക്രീറ്റ് 

കഷങ്ങള്‍ അടര്‍ത്തി ഇട്ടും
സംരക്ഷിക്കുന്നുണ്ട് .
മേഘങ്ങളില്‍ ( പേടിച്ചു )ഒളിച്ചിരുന്നു
ചോദിക്കുന്നതെന്തും തരുന്ന വലിയ ദൈവത്തെ പോലെ
കോണ്‍ക്രീറ്റ് ഭിത്തി.

ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍ ....